പാലാ : ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണമെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കുവൈത്ത് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍( എസ്എംസിഎ) പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേര്‍ന്ന് കൂട്ടിക്കല്‍ പ്രദേശത്തെ പറത്താനത്ത് നിര്‍മ്മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും താക്കോല്‍ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിമ സഭയില്‍ സ്ലീഹന്മാരോട് ചേര്‍ന്നുനിന്നവരുടെ വീടുകളില്‍ നിന്നുയര്‍ന്നു വന്ന തീക്ഷ്ണതയാണ് സഭയുടെ വിശ്വാസ തീക്ഷ്ണതയുടെ അടിസ്ഥാനം.
വീട്ടിനുള്ളിലെ സഭ ഒരു വലിയ പഠന വിഷയവും ചിന്താ വിഷയവുമാണ് ആരാധനാ ക്രമത്തിന്റെ കാവലാളുകളായി പലപ്പോഴും നിലകൊള്ളുന്നത് മിഡില്‍ ഈസ്റ്റിലെ പ്രവാസികളാണ്. അടച്ചുറപ്പുള്ള ഒരു ഭവനം അര്‍ഹിക്കുന്നവര്‍ക്ക് സാധ്യമാക്കുവാന്‍ പ്രയത്‌നിക്കുന്ന കാരുണ്യ പ്രവൃത്തി നടത്തുന്ന കുവൈറ്റ് എസ്എംസിഎയെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. സിനഡിലും എപ്പാര്‍ക്കിയല്‍ അസംബ്ലികളിലും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലികളിലുകളിലുമുള്ള പ്രവാസികളുടെ ഗുണപരമായ സംഭാവനകളെപ്പറ്റി മേജര്‍ ആര്‍ച്ച് ബിഷപ്പും മറ്റ് രൂപതാധ്യക്ഷന്മാരും നന്ദിയോടെ സ്മരിക്കാറുണ്ടെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
പറത്താനം വ്യാകുലമാതാ ഇടവകയില്‍ നിര്‍മ്മിക്കപ്പെട്ട ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇടവക വികാരി ഫാ. ജോസഫ് അറക്കല്‍, ജിന്‍സ് കളരിക്കല്‍, ഡോണി.എം. മാത്യു എന്നിവരുടെ മേല്‍നോട്ടത്തില്‍ പറത്താനം വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയാണ്.
ഹോം പാലാ പ്രൊജക്ടിന്റെയും പ്രവാസി അപ്പസ്‌തോലേറ്റിന്റേയും ഡയറക്ടര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍, ഇടവക വികാരി ഫാ. ജോസഫ് അറക്കല്‍, കുവൈറ്റ് എസ്എംസിഎ പ്രതിനിധികളായ അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാര്‍ട്ടിന്‍, ഖജാന്‍ജി റെജി ജോര്‍ജ്, പാലാ രൂപതാ പ്രവാസി അപ്പസ്‌തോലേറ്റ് ഗ്‌ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, സെക്രട്ടറി ഷിനോജ് മാത്യു, എസ്എംസിഎ കുവൈറ്റ് റിട്ടേണിസ് ഫോറത്തെ പ്രതീനിധികരിച്ച് ഖജാന്‍ജി ജോര്‍ജ് ചാക്കോ, കുര്യാക്കോസ് മണിവയലില്‍, ടോമി ഐക്കരെട്ട്, തോമസ് കയ്യാല, പ്രവാസി അപ്പസ്‌തോലേറ്റ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു കൂടാതെ എസ്എംസിഎ, കെആര്‍എഫ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26