പെര്‍ത്തില്‍ ഭ്രൂണഹത്യക്കെതിരേ നടന്ന റാലി ഫോര്‍ ലൈഫില്‍ അണിനിരന്നത് നൂറുകണക്കിന് വിശ്വാസികള്‍; പ്രതിഷേധവുമായി ഗര്‍ഭച്ഛിദ്രാനുകൂലികള്‍

പെര്‍ത്തില്‍ ഭ്രൂണഹത്യക്കെതിരേ നടന്ന റാലി ഫോര്‍ ലൈഫില്‍ അണിനിരന്നത് നൂറുകണക്കിന് വിശ്വാസികള്‍; പ്രതിഷേധവുമായി ഗര്‍ഭച്ഛിദ്രാനുകൂലികള്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ ഭ്രൂണഹത്യക്കെതിരേ നടന്ന 'റാലി ഫോര്‍ ലൈഫ്' പരിപാടിയില്‍ അണിനിരന്നത് മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍. ബുധനാഴ്ച്ച വൈകിട്ട് ഏഴു മണി മുതല്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നടന്ന പരിപാടി ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടമായി മാറുകയായിരുന്നു. അതേസമയം റാലിക്കെതിരേ പ്രതിഷേധവുമായി അന്‍പതോളം ഗര്‍ഭച്ഛിദ്രാനുകൂലികള്‍ രംഗത്തെത്തി.

ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ ഗര്‍ഭസ്ഥ ശിശുക്കളോടുള്ള വിവേചനത്തിനെതിരേയായിരുന്നു ഈ വര്‍ഷത്തെ റാലി ശ്രദ്ധ കേന്ദ്രീകരിച്ചത്.

സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെയും ജീസസ് യൂത്തിന്റെയും നിരവധി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. കുടുംബമായാണ് മലയാളികള്‍ എത്തിയത്. മലയാളി വൈദികരായ ഫാ. ബിബിന്‍ വെള്ളാംപറമ്പില്‍ (പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയിലെ അസി. വികാരി), ഫാ. തോമസ് മാരാമറ്റത്തില്‍ വി.സി എന്നിവരും പങ്കെടുത്തു. ഇതുകൂടാതെ ഇതര സഭകളില്‍നിന്നുള്ള വിശ്വാസികളും ഈ ഉദ്യമത്തിന് പിന്തുണയുമായെത്തി.



പല സ്ഥലങ്ങളില്‍നിന്നായി പ്രകടനമായാണ് വിശ്വാസികള്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെത്തിയത്. ഇതേസമയം തന്നെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാരും എത്തി. 'ഗര്‍ഭച്ഛിദ്രം ഞങ്ങളുടെ അവകാശമാണ്', എന്റെ ശരീരം, എന്റെ അവകാശം', 'ഗര്‍ഭച്ഛിദ്രം ആരോഗ്യ സംരക്ഷണമാണ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. സഭാ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ഇവരുടെ പ്രകടനം.

'യേശു സൗഖ്യമാക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു', 'ദൈവമാണ് സൃഷ്ടാവ്... അവിടുന്ന് എല്ലാവരെയും പരിപാലിക്കുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് വിശ്വാസികള്‍ സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്.

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികളായ ഷാര്‍ലറ്റ്, എമിലി എന്നിവരുടെ അമ്മമാര്‍ റാലിക്കിടെ സാക്ഷ്യം പങ്കുവച്ചു. തങ്ങളുടെ കുഞ്ഞുങ്ങളെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ അനുഭവം പങ്കുവച്ചു. ആ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ അവസരം നല്‍കിയതിലൂടെ തങ്ങളുടെ കുടുംബങ്ങളിലുണ്ടായ സന്തോഷവും അവര്‍ പ്രകടിപ്പിച്ചു. കുട്ടികള്‍ വളര്‍ന്ന് നല്ല ജീവിതം നയിക്കുന്നതായും അമ്മമാര്‍ പറഞ്ഞു. എ.സി.എല്ലിന്റെ സി.ഇ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട മിഷേല്‍ പിയേഴ്‌സും റാലിയെ അഭിസംബോധന ചെയ്തു.



കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍, ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ നടന്ന 76 ഗര്‍ഭച്ഛിദ്രങ്ങളില്‍ 71 എണ്ണം ശിശുവിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നു സംഘാടകരായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് ആകെ 8,551 ഗര്‍ഭച്ഛിദ്രങ്ങളാണ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.