ഇറ്റലിയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരോടു അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഇറ്റലിയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരോടു അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

എമിലിയ: ഇറ്റാലിയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവരോട് അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വടക്കന്‍ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിലും കിഴക്കന്‍ പ്രവിശ്യകളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 14 ജീവനാണ് നഷ്ടമായത്. അസാധാരണമായ പേമാരിയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.നദികള്‍ കരകവിഞ്ഞ് ഒഴുകി ഏക്കറു കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
ഒരു ടെലിഗ്രാമിലൂടെയാണ് പാപ്പ തന്റെ സന്ദേശം അയച്ചത്.

പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് പരിശുദ്ധ പിതാവിന്റെ പേരില്‍ അനുശോചനങ്ങളും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനകളും നേരുവാന്‍ ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ മത്തെയോ സൂപ്പിയെ പാപ്പാ ചുമതലപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഹൃദയംഗമമായ ദുഖം അറിയിക്കാന്‍ പരിശുദ്ധ പിതാവ് കര്‍ദിനാളിനോട് ആവശ്യപ്പെട്ടു.

ദുരിതത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കി. ഈ പ്രതിസന്ധി ഘട്ടത്തില്‍, സഹായമെത്തിക്കുകയും, പരിഹാരത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, രൂപതാസമൂഹത്തിനോടു പാപ്പാ നന്ദി അറിയിച്ചു.

ഇറ്റലിയില്‍ ചില പ്രദേശങ്ങളില്‍ 36 മണിക്കൂറിനുള്ളില്‍ ശരാശരി വാര്‍ഷിക മഴയുടെ പകുതി ലഭിച്ചതായാണ് കണക്ക്. ഇതേ തുടര്‍ന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. കാലാവസ്ഥ പ്രതിസന്ധിക്ക് കാരണമായ ഇറ്റാലിയന്‍ മഴ നാശം വിതച്ചപ്പോള്‍, വിവിധ പ്രകൃതി ദുരന്തങ്ങള്‍ ലോകമെമ്പാടും നാശനഷ്ടങ്ങള്‍ വരുത്തി.

ഈ ആഴ്ച ആദ്യം, മ്യാന്‍മറിലെ തുറമുഖ നഗരമായ സിറ്റ്വെയ്ക്കും ബംഗ്ലാദേശിലെ കോക്‌സ് ബസാറിനുമിടയില്‍ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു, ഏകദേശം ഒരു ദശലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണുള്ളത്. അവരില്‍ ആറു പേര് മരണപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തു. മലാവിയിലെ ഫ്രെഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി മലാവി പ്രസിഡന്റ് ലാസറസ് ചക്വെര്‍ ഏപ്രിലില്‍ സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26