കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത് ഒരേ ഇടവകക്കാര്‍ ; അതീവ ദുഖത്തോടെ ഇടവകാംഗങ്ങള്‍

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചത് ഒരേ ഇടവകക്കാര്‍ ; അതീവ ദുഖത്തോടെ ഇടവകാംഗങ്ങള്‍

ലിന്‍സി ഫിലിപ്പ്‌സ്

വേണ്ടത് വനവല്‍ക്കരണമല്ല, മനുഷ്യ ജീവനു സംരക്ഷണമാണ്

എരുമേലി: ജീവിതത്തിന്റെ നല്ല പങ്കും മണ്ണില്‍ പണിയെടുത്ത് പൊന്നു വിളയിക്കുന്ന കര്‍ഷകന് പ്രകൃതി തന്നെ ചില ദുരിതങ്ങള്‍ സമ്മാനിക്കാറുണ്ട്. അത് മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ ഒക്കെ ആകാം. എന്നാല്‍ എല്ലാ ജീവിത സാഹചര്യങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ വീണ്ടും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന കൃഷിക്കാരന്റെ ജീവന് വന്യ മൃഗങ്ങളുടെ സംരക്ഷണം ഒരുക്കാന്‍ നമ്മുടെ നിയമത്തിന് കഴിയുന്നില്ലെങ്കില്‍ അത് ആരുടെ പിടിപ്പു കേടാണെന്നുള്ള ചോദ്യം സമൂഹം എക്കാലത്തും ഉയര്‍ത്തുക തന്നെ ചെയ്യും.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ അത് പിന്നെ എങ്ങനെ വന്യമൃഗങ്ങള്‍ ആകും. ഒരാള്‍ വനത്തില്‍ പോയി അവിടെയുള്ള ഒരു മൃഗത്തെ ആക്രമിക്കുകയാണെങ്കില്‍ അതും കുറ്റകരം തന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കണമലയില്‍ രണ്ടു പേരുടെ ജീവനെടുത്തത് വനത്തില്‍ നിന്നും എത്തിയ പോത്തായിരുന്നു.

കാട്ടുപോത്താക്രമണം എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ ഒരു കാര്യം ചിന്തിക്കുക. കാട്ടുപോത്തിന്റെ ആവാസ വ്യവസ്ഥയിലേക്ക് അതിക്രമിച്ച കയറി അതിനെ ഉപദ്രവിക്കാന്‍ ചെന്നതല്ല. ശാന്തമായി മനുഷ്യര്‍ ജീവിക്കുന്ന സമൂഹത്തിലേക്ക് അക്രമകാരിയായ മൃഗം ഇറങ്ങി വന്നാണ് ആക്രമണം നടത്തിയത്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളുടെ മരണം സംഭവിച്ചാല്‍ നമുക്ക് പണം കൊടുത്താല്‍ ആ മരണം ഇല്ലാതാക്കാന്‍ പറ്റുമോ. അല്ലെങ്കില്‍ ആ മരണം ഉണ്ടാക്കിയ ആഘാതം ഇല്ലാതാക്കാന്‍ സാധിക്കുമോ. ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഉയരുമ്പോഴും ധനസഹായം ഒരുപക്ഷേ ആ കുടുംബത്തിന് ആശ്വാസമാകാം. എങ്കിലും ആളൊഴിഞ്ഞിട്ട് എന്തര്‍ത്ഥം എന്നാണ് പഴമൊഴി...

കേരളത്തിലെ രണ്ടു വ്യത്യസ്ത ജില്ലകളില്‍ ഏതാണ്ട് ഒരേ സമയത്ത് വന്ന ആക്രമണത്തില്‍ മൂന്നു മരണങ്ങള്‍ സംഭവിച്ചു. കോട്ടയം ജില്ലയില്‍ രണ്ടും കൊല്ലം ജില്ലയില്‍ ഒരു മരണവുമാണ് നടന്നത്. മൂന്നു മരണങ്ങള്‍ക്കും കാരണമായത് കാട്ടില്‍ നിന്ന് അതിക്രമിച്ച് എത്തിയ കാട്ടുപോത്ത് . എരുമേലി കണമല പ്രദേശത്ത് ദുഃഖത്തിന്റെ കരി നിഴലാണ് വീണത്. പ്ലാവനാകുഴിയില്‍ തോമസ് (65), പുറത്തേല്‍ ചാക്കോച്ചന്‍ (70) ഇവര്‍ ഇരുവരും കണമല സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഇടവക അംഗങ്ങളാണ്. ഒരു ഇടവകയില്‍ ഒരേസമയം രണ്ടു മരണങ്ങള്‍. തോമസിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കണമല സെന്റ് തോമസ് ഇടവകയില്‍ നടക്കും. ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ചയാണ്.

ആ മരണങ്ങള്‍ സംഭവിച്ചത് മനപൂര്‍വം ആയിട്ടല്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. ഇടവക വികാരി ഫാ.മാത്യു നിരപ്പേല്‍ ഇവരെ അനുസ്മരിക്കുന്നത് വളരെ സൗമ്യമായ രണ്ടു പേരന്നൊണ്. ആരോടും കലഹത്തിനോ അധികം ശബ്ദമുയര്‍ത്തി വര്‍ത്തമാനം പോലും പറയാത്തവര്‍. അവരുടെ കൃഷി ഭൂമിയില്‍ കൃഷി ചെയ്ത മറ്റുള്ളവരോട് ഏറെ കരുതലോടെ ജീവിച്ചു പോന്ന രണ്ടുപേരും ഒരു ഓര്‍മ്മയായി മാറിയിരിക്കുന്നു.

സാംസ്‌കാരികമായി വളരുന്നു എന്നു പറയുമ്പോഴും മാനുഷികമായ പരിഗണനയുടെ കാര്യത്തില്‍ നാം എത്രത്തോളം വളര്‍ച്ചയില്‍ എത്തി എന്നാണ് ഇടവക വികാരി ചോദിച്ചത്. മനുഷ്യനെ കുടിയിറക്കുന്ന വ്യവസ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ ശരവേഗത്തില്‍ പായുന്നത്. സ്വാഭാവികമായി വനങ്ങള്‍ സൃഷ്ടിക്കുക, കൃഷി ചെയ്യുന്ന മനുഷ്യര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുക എന്നുള്ള ഉപാധികളാണ് ഫാ. മാത്യു നിരപ്പേല്‍ മുന്നോട്ടുവെച്ചത്.

വന്യമൃഗങ്ങള്‍ വര്‍ധിക്കുകയാണെങ്കില്‍ ആനുപാതികമായ നിയന്ത്രണത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണം. ജനസംഖ്യ നിയന്ത്രിക്കുന്നവര്‍ എന്തുകൊണ്ട് ആനുപാതികമായി മൃഗങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തുന്നില്ല എന്നുള്ള ചോദ്യം ഇപ്പോള്‍ തന്നെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

1972 മൃഗസംരക്ഷണ നിയമം എഴുതപ്പെട്ടപ്പോള്‍ അവിടെ മനുഷ്യന് ഒരു സുരക്ഷയും ഉറപ്പു വരുത്തുന്നില്ല. ആ നിയമത്തില്‍ യാതൊരു പൊളിച്ചെഴുത്തും ഇല്ലാതെ കാലാകാലങ്ങളായി അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. വനത്തില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങി മൃഗങ്ങള്‍ ജനങ്ങളെ ആക്രമിക്കുന്ന കാഴ്ച വളരെ ദാരുണമാണ്. ഒരുപക്ഷേ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും ഉണ്ടായെന്നു വരാം. അപ്പോഴും നമ്മുടെ സര്‍ക്കാരുകളും ഭരണകൂടങ്ങളും ഈ വിഷയത്തിലെ ആലോചന തുടര്‍ന്നു കൊണ്ടേയിരിക്കുകയുള്ളു.

വനത്തിലുള്ള മൃഗങ്ങളെ സംരക്ഷിക്കേണ്ടത് മൃഗസംരക്ഷണ വകുപ്പാണന്ന് ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. നാട്ടിലെത്തിയാല്‍ അവ നാട്ടിലെ ജീവിയല്ലേ ? നിയമങ്ങള്‍ നിര്‍മ്മിക്കുന്ന മനുഷ്യര്‍ അവരുടെ സഹജീവികളായ മറ്റു മനുഷ്യരുടെ ജീവന് വിലകല്‍പ്പിക്കുന്നില്ല. ഇതിന്റെ ഒക്കെ പിന്നില്‍ വനവല്‍ക്കരണം എന്ന അജണ്ട നടപ്പിലാക്കാനുള്ള ശ്രമമുണ്ട്. സത്യത്തില്‍ അധികാരവര്‍ഗം വനവല്‍ക്കരണ പ്രക്രീയക്ക് വേണ്ടി സഹ മനുഷ്യരെ കുരുതി കൊടുക്കുനന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വനം വകുപ്പ് വന്യമൃഗ ആക്രമണം നേരിടുമ്പോള്‍ മാത്രമല്ല ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. വകുപ്പിലെ ജീവനക്കാര്‍ക്ക് ഈ മൃഗങ്ങളെ നേരിടാന്‍ ആവശ്യമായ സജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി കൊടുക്കണം. മൃഗങ്ങള്‍ പെറ്റു പെരുകുന്നത് വനവിസ്തൃതിക്ക് അനുസ്യതമായല്ല. സ്വാഭാവികമായും അവയ്ക്ക് ജീവിക്കാനുള്ള സാധ്യത ഇല്ലാതാകുമ്പോള്‍ അവ കാട് വിട്ടിറങ്ങും. അതിനു ഇരയാകുന്നത് സാധാരണക്കാരില്‍ സാധാരണക്കാരാണ്.

സാമ്പത്തികമായി പിന്നോട്ട് ഓടുന്ന ഒരു രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് അവിടുത്തെ കര്‍ഷകരാണെന്ന് അധികാരികളും സര്‍ക്കാരും മറന്നു പോകരുത്. ഒരു രാജ്യത്തിന്റെ നട്ടെല്ല് കാര്‍ഷിക മേഖലയാണ്. അതുകൊണ്ടു തന്നെയാണ് പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് അതിന്റേതായ ഊന്നില്‍ നല്‍കുന്നത്. സംസ്ഥാന കാര്‍ഷിക-വനം വകുപ്പുകള്‍ ഒത്തൊരുമയുടെ പ്രവര്‍ത്തിച്ച് വനാതിര്‍ത്തിയോടോ വനമേഖലയുടെ അടുത്ത് വീട് വച്ച് താമസിക്കുന്നവരോയായവര്‍ക്കും കൃഷിയിടങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ സൗകര്യങ്ങളും സംരക്ഷണവും ചെയ്തു നല്‍കണം. ഇത്തരം വന്യജീവി ആക്രമണം നേരിടുകയാണെങ്കില്‍ കൃഷി തന്നെ വേണ്ടെന്നുവെച്ച് ഉള്ളതെല്ലാം വിറ്റ് മറ്റ് എവിടെയെങ്കിലും, ചിലപ്പോള്‍ ഈ രാജ്യം തന്നെ വിട്ട് പോയെന്നിരിക്കാം.

തല്‍ക്കാലം ആശ്വാസമായി ഉദ്യോഗസ്ഥര്‍ തമ്പടിക്കുകയോ ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുകയോ ചെയ്തതു കൊണ്ട് കാര്യമില്ല. കാരണം ഈ വിഷയങ്ങളില്‍ വേണ്ടത് കൃത്യമായതും ശാശ്വതമായ ഇടപെടലും നിയമ പരിരക്ഷയുമാണ്. അക്കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. സമൂഹത്തിന് ഒരൊറ്റ ദിവസം നഷ്ടമായിരിക്കുന്നത് മൂന്ന് ജീവനുകളാണ്. ഒരേ ഇടവകയില്‍ രണ്ടുപേരുടെ ശവസംസ്‌കാരം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ എത്രത്തോളം ഭീകരമാണ്. വൈകാരികമായ ആ യാത്ര പറച്ചിലിനെ ഒരു നാട് എങ്ങനെയാവും നേരിടുകയെന്ന് നോക്കിക്കാണുക തന്നെ വേണം.

രണ്ടാം ലോക മഹായുദ്ധകാല സമയത്ത് കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടപ്പോള്‍ കൃഷിയും കൃഷി വക ഉല്‍പ്പന്നങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം സ്ഥിതി ഇല്ലാത്തതിനാല്‍ കൃഷി ചെയ്യുന്നവരുടെ ജീവന് എന്തും സംഭവിച്ചോട്ടെ എന്നുള്ള അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യം അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.ഇനിയും ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാവാം. അപ്പോഴും നിയമത്തിന്റെ എല്ലാ പരിരക്ഷയോടും വന്യമൃഗമാണ് അവയെ കൊല്ലാന്‍ പാടില്ല എന്നു പറയുന്ന അതേ തത്വം ആവര്‍ത്തിച്ചുകൊണ്ട് ഇരിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടെന്നല്ല; പക്ഷേ മനുഷ്യന്റെ ജീവിതത്തിനും ജീവനും അവന്റെ അധ്വാന ഫലത്തിനും വിലകല്‍പ്പിക്കേണ്ടേ ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.