ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും നേടിയ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധതിരിച്ച് കോണ്‍ഗ്രസ്.
വിജയ തന്ത്രങ്ങള്‍ മെനയുന്നതിനായി തിരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേരും.
രാഹുല്‍ ഗാന്ധിയാണ് യോഗം വിളിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂണ്‍ 12 ന് ജബല്‍പൂരില്‍ തുടക്കമാകും. പിന്നാലെ രാഹുലിന്റെ സംസ്ഥാന പര്യടനം ആരംഭിക്കും.
തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ പ്രധാന നേതാക്കളായ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന മുഖ്യ വെല്ലുവിളി. മറ്റു സംസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളുണ്ട്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യം രൂപപ്പെടുത്താനുള്ള സാധ്യതകളാകും ചര്‍ച്ച ചെയ്യുക.
തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ രാജസ്ഥാനില്‍ സ്വന്തം സര്‍ക്കാരിനെതിരെ പരസ്യമായി സമരത്തിനിറങ്ങിയ സച്ചിന്‍ പൈലറ്റിനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
വിമതരെ പാര്‍ട്ടി പുറത്താക്കില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ കഴിഞ്ഞ ദിവസം പറഞ്ഞു. അതേ സമയം തന്നെ പാര്‍ട്ടി വിട്ട ചില മുന്‍ നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്തണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
നേരത്തെ നടത്തിയ വിമത നീക്കം പരാജയപ്പെട്ട സച്ചിന്‍ പൈലറ്റിന്റെ പുതിയ നീക്കത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ ശക്തി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് പൈലറ്റിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. കര്‍ണാടകയ്ക്ക് ശേഷം കോണ്‍ഗ്രസ് മുഖ്യപരിഗണന നല്‍കുന്നത് രാജസ്ഥാനിലെ പ്രശ്ന പരിഹാരങ്ങള്‍ക്കാണ്.
മധ്യപ്രദേശില്‍ കഴിഞ്ഞ തവണ നേടിയ അധികാരം പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണമാണ് നഷ്ടമായത്. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ ഇപ്പോഴും നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കമല്‍നാഥിനെ മാത്രം കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം.
ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്കൊപ്പം ബിജെപി കൂടി കരുത്തരായി മാറി കൊണ്ടിരിക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്തുക എന്നത് കനത്ത വെല്ലുവിളിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലുണ്ടായ ജന സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഒപ്പം കര്‍ണാടക വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലുണ്ടായ ഉണര്‍വും മുതല്‍ക്കൂട്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലുള്ള ഛത്തീസ്ഗഢിലും പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കമാണ് പ്രധാന വെല്ലുവിളി. ടി.എസ്.സിങ് ദിയുവും താമ്രധ്വജ് സാഹുവും മുഖ്യമന്ത്രി കസേരയ്ക്കായി കരുനീക്കങ്ങള്‍ നടത്തുന്നവരാണ്. എന്നാല്‍ മുഖ്യമന്ത്രി ആയ ശേഷം ഭൂപേഷ് ബാഗലിനുണ്ടായ ജനസമ്മിതി ഈ നേതാക്കള്‍ക്ക് തലവേദനയായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.