പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിസോര്‍ട്ട് ലൈസന്‍സ് ആവശ്യമായ രേഖകളില്ലാതെ പുതുക്കി നല്‍കി; പുലിവാല് പിടിച്ച് ഉദ്യോഗസ്ഥര്‍

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിസോര്‍ട്ട് ലൈസന്‍സ്  ആവശ്യമായ രേഖകളില്ലാതെ പുതുക്കി നല്‍കി; പുലിവാല് പിടിച്ച് ഉദ്യോഗസ്ഥര്‍

ഇടുക്കി: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ജയിലിലായ നേതാവിന്റെ ഉടമസ്ഥതയിലുള്ളതും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ളതുമായ റിസോര്‍ട്ടിന് ആവശ്യമായ രേഖകളില്ലാതെ അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കി.

മൂന്നാര്‍ മാങ്കുളത്തുള്ള റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് ആരോപണം.

മാങ്കുളം വിരിപാറ വിജയന്‍ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന 'വില്ല വിസ്റ്റ റിസോര്‍ട്ടി'ന്റെ ലൈസന്‍സ് പുതുക്കി നല്‍കിയ നടപടി മാങ്കുളം പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും ജില്ലാ പൊലീസ് മേധാവിക്ക് മൂന്നാര്‍ ഡിവൈ.എസ്.പി അലക്സ് ബേബി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല്‍ പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്.

ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി). എന്നാല്‍ അപേക്ഷ പരിഗണിച്ച ക്ലര്‍ക്ക് ഇത് നോക്കാതെ പി.സി.സി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈന്‍ സംവിധാനത്തിലെ കോളത്തില്‍ ടിക് മാര്‍ക്ക് ചെയ്തു. സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥനും ഇക്കാര്യം ശ്രദ്ധിച്ചില്ല.

ലഭിച്ച അപേക്ഷയില്‍ ആവശ്യമായ രേഖകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് നോക്കാതെ പഞ്ചായത്ത് സെക്രട്ടറി അനുമതിയും നല്‍കി. ഇതിന് പിന്നാലെ നാട്ടുകാരില്‍ നിന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി എത്തുകയും അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെയും വിളിച്ച് വരുത്തി മൊഴി എടുത്തതായി മൂന്നാര്‍ ഡിവൈ.എസ്.പി പറഞ്ഞു. ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന് ക്ലര്‍ക്കും തന്റെ പരിചയകുറവ് കൊണ്ട് പറ്റിയ പിശകാണെന്ന് സെക്രട്ടറിയും മൊഴി നല്‍കി.

എന്നാല്‍ തങ്ങളാരും സാമ്പത്തിക ലാഭത്തിനായല്ല ഇത് ചെയ്തതെന്നുമാണ് മൂവരും പറഞ്ഞത്. അതേ സമയം വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ട് കേസിലടക്കം പ്രതിയായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷറഫിന്റെ പേരിലുള്ളതാണ് ഈ റിസോര്‍ട്ട്. അഷറഫ് ന്യൂഡല്‍ഹിയില്‍ ജയിലിലാണ്.

ഇയാളുടെ മകനാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് അപേക്ഷ നല്‍കിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ഈ റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.