കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ ഉപയോഗ ശൂന്യമായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍, പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാര പ്രദമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും തോമസ് ചാഴികാടന്‍ എം.പി.
റെയില്‍വേ സ്റ്റേഷന്റെ ഗുഡ് ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടം ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തോമസ് ചാഴികാടന്‍ എംപിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.
ആര്‍പിഎഫ് ഓഫീസിന് സമീപത്ത് കൂടുതല്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കണമെന്നും എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്ഫോം ഇല്ലാത്ത കുമാരനല്ലൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചു അടിയന്തിരമായി പ്ലാറ്റ്ഫോം നിര്‍മ്മിക്കണമെന്നും എം.പി.ആവശ്യപ്പെട്ടു.
നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്ന് ദിവസവും ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് പ്രതിദിന സര്‍വീസ് ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് ആരംഭിക്കണമെന്നും, ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ചു പുതിയ ട്രെയിനും, തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സിനു പുതിയ എല്‍എച്ച്ബി കോച്ചുകള്‍ അനുവദിക്കണമെന്നും, കോട്ടയം എറണാകുളം റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങണമെന്നും യോഗത്തില്‍ എം.പി ആവശ്യപ്പെട്ടു.
അഞ്ചു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകള്‍ നിര്‍മിക്കുന്നതിനുമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 2024 ജനുവരിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ എംപിക്ക് ഉറപ്പു നല്‍കി.പ്ലാറ്റുഫോമുകള്‍ക്ക് പൂര്‍ണ്ണമായും മേല്‍ക്കൂരയും കൂടുതല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സജീന്ദ്രര്‍ ശര്‍മ്മ,സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ .വി.എന്‍ വിജു, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍, ചീഫ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍) രാജഗോപാല്‍, ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍, സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.