സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ വന്‍ ലഹരി വേട്ട. മെക്സിക്കോയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലേക്ക് കടത്തിയ സ്റ്റീല്‍ ഹൈഡ്രോളിക് പ്രസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 300 കിലോ മെത്താംഫെറ്റാമൈന്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എഎഫ്പി) കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ 273 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ലഹരി മരുന്നാണിത്. പിടിച്ചെടുത്ത ലഹരിമരുന്ന് മൂന്ന് ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന അളവ് വരുമെന്ന് ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഏപ്രില്‍ 18-നാണ് ലഹരി മരുന്ന് അടങ്ങിയ സ്റ്റീല്‍ ഹൈഡ്രോളിക് പ്രസ് കപ്പലില്‍ ന്യൂ സൗത്ത് വെയില്‍സിലെത്തിയതെങ്കിലും അതിന്റെ വിശദാംശങ്ങള്‍ എഎഫ്പി പുറത്തുവിടുന്നത് ഇപ്പോഴാണ്.
ഹൈഡ്രോളിക് പ്രസിന്റെ ഉരുക്കിന്റ സാന്ദ്രതയില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. എന്‍ജിനീയറിങ് വിദഗ്ധര്‍ ഹൈഡ്രോളിക് പ്രസിന്റെ ഉള്‍ഭാഗം തുരന്നപ്പോഴാണ് യന്ത്രസാമഗ്രികള്‍ക്കുള്ളില്‍ പൊടി രൂപത്തിലുള്ള വെളുത്ത പദാര്‍ത്ഥം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് മെത്താംഫെറ്റാമൈന്‍ ആണെന്നു കണ്ടെത്തി.
മെഷിനറികള്‍ വേര്‍തിരിച്ചെടുത്തപ്പോള്‍ ആകെ 79 ബ്ലോക്ക് മെത്താംഫെറ്റാമൈന്‍ ആണു കണ്ടെത്തിയത്.
വളരെ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രൈം സിന്‍ഡിക്കേറ്റിന് മാത്രമേ ഇത്തരമൊരു സങ്കീര്‍ണമായ പദ്ധതി നടപ്പാക്കാന്‍ കഴിയൂ എന്ന് എഎഫ്പി ഡിറ്റക്ടീവ് സര്‍ജന്റ് പറഞ്ഞു. ലഹരി മരുന്നിന്റെ ഇറക്കുമതിക്ക് പിന്നിലെ കുറ്റവാളികളെ തിരിച്ചറിയാന്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെത്താംഫെറ്റാമൈന്‍ എന്ന ലഹരി മരുന്നിന്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കും. 2020-21 കാലയളവില്‍ ഓസ്ട്രേലിയയില്‍ ദിവസവും ശരാശരി 33 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.