തിരുവനന്തപുരം: ശബരിമലയിലെ അന്താരാഷ്ട്ര ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് വിലയിരുത്തും. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 221 കുടുംബങ്ങള്‍ ഉള്‍പ്പടെ 474 വീടുകള്‍ പൂര്‍ണമായും കുടിയിറക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റബ്ബര്‍ ഉള്‍പ്പെടെ മുന്നര ലക്ഷം മരങ്ങള്‍ മുറിച്ച് മാറ്റണം. അതേ സമയം മതിയായ നഷ്ടപരിഹാരം നല്‍കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് 149 കോണ്‍ക്രീറ്റ് ഘടനകളെയും 74 ഷീറ്റ് മേഞ്ഞതും 30 ടൈല്‍ മേല്‍ക്കൂരയുള്ളതുമായ കെട്ടിടങ്ങളെ ബാധിക്കും.
ആറ് കോണ്‍ക്രീറ്റ്, ഒരു ടൈല്‍ മേല്‍ക്കൂര, ഒരു ഷീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടം എന്നിവ പദ്ധതി ഭാഗികമായി ബാധിക്കും. പ്രദേശത്ത് ആറ് വാണിജ്യ കെട്ടിടങ്ങള്‍ മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കാനുള്ളത്.
പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന് അനുമതി നല്‍കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭേദഗതി ചെയ്ത ഉത്തരവ് പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ട് വില്ലേജുകളിലായി 1039.876 ഹെക്ടര്‍ ഭൂമിയാണ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനും വികസനത്തിനുമായി ഏറ്റെടുക്കുന്നത്. ഇതില്‍ 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിലും 123.53 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് വേണ്ടത്. ഒരു പള്ളിയും, ഒരു എല്‍പി സ്‌കൂളും ഏറ്റെടുക്കേണ്ട വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിങ് ജൂണ്‍ 12, 13 തീയതികളില്‍ നടക്കും.
നിലവില്‍ ബിഷപ്പ് കെ.പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച് നടത്തുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 334 തൊഴിലാളികളെയാണ് പദ്ധതി ബാധിക്കുക. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളും കുടിയിറങ്ങണം. എസ്റ്റേറ്റിലും പുറത്തുമായി തേക്കും. പ്ലാവും, ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങള്‍ മുറിച്ച് മാറ്റണം. ഇതില്‍ കൂടുതലും റബ്ബര്‍ മരങ്ങളാണ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥലം ഏറ്റെടുപ്പ് നടത്തേണ്ടി വരുന്നതിനാല്‍ ഇവിടെയും കുടിയിറക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്.
വിമാനത്താവളത്തിന് പുറത്ത് ഭൂമി ഏറ്റെടുക്കുന്നത് കൃഷിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും ആശ്രയിക്കുന്നവരുടെ ഉപജീവനത്തെയും ബാധിക്കും.
ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസ നിയമം (ലാറ) 2013, ചട്ടം 2015 പ്രകാരം ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പുനരധിവാസ പാക്കേജില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള അവകാശവും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നഷ്ടപരിഹാര പാക്കേജുകള്‍ ഡെപ്യൂട്ടി കളക്ടറുടെ (ഭൂമി ഏറ്റെടുക്കല്‍) മേല്‍നോട്ടത്തില്‍ നടപ്പിലാക്കണം. പദ്ധതിമൂലം ഉണ്ടാകുന്ന ഗുണം പരിഗണിച്ച് വിമാനത്താവളവുമായി മുന്നോട്ട് പോകാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.