കൊച്ചി: എസ്പിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗം കൂടുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ തുറന്നുപറച്ചില്‍.
എല്ലാ തട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്. ഒരു എസ്പിയുടെ രണ്ട് മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാര്‍ട്ടേഴ്സുകളിലും ഇക്കാര്യം പരിശോധിക്കണം. കേരളത്തില്‍ കഞ്ചാവിന്റെയും എം.ഡി.എം.എയുടെയും ഉപയോഗം കൂടിവരികയാണ്. എന്നാല്‍ ദേശീയ ശരാശരിവെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും കെ. സേതുരാമന്‍ ആവശ്യപ്പെട്ടു.
സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് നേരത്തേ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞിരുന്നു. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴാേ ഉപയോഗിക്കുമ്പോഴോ മാത്രമേ പിടികൂടാനാവൂ എന്നതാണ് പരിമിതിയെന്നും ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര്‍ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v