കാലിഫോര്‍ണിയ: മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് സാങ്കേതികവിദ്യ മനുഷ്യനില്‍ പരീക്ഷിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) അനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തെ കാത്തിരിപ്പിനും പേരാട്ടങ്ങള്‍ക്കും ഒടുവിലാണ് മനുഷ്യ ഭാവിയെതന്നെ വഴിതിരിച്ചുവിട്ടേക്കാവുന്ന നിര്‍ണായക പരീക്ഷണത്തിന് കളമൊരുങ്ങുന്നത്.
മനുഷ്യന്റെ തലച്ചോര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ന്യൂറാ ലിങ്കിന്റെ ലക്ഷ്യം. ഇത് ശരീരം തളര്‍ന്നുകിടക്കുന്ന രോഗികളെ കംപ്യൂട്ടറും സ്മാര്‍ട്ഫോണും ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം പരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളും വിമര്‍ശനങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്.
മസ്തിഷ്‌ക ഇംപ്ലാന്റുകള്‍ മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുമെന്നും വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും പ്രാപ്തമാക്കുമെന്നുമൊക്കെയാണ് അവരുടെ അവകാശവാദം. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ഒരു ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിക്കുന്നത്.
വര്‍ഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലായിരുന്നു ഇലോണ്‍ മസ്‌കിന്റെ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക്. 2016-ലാണ് കമ്പനി സ്ഥാപിതമായത്.
മനുഷ്യരില്‍ പഠനം നടത്താന്‍ അനുമതി ലഭിച്ചതായുള്ള വിവരം ന്യൂറാലിങ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ക്ലിനിക്കല്‍ പഠനം ആരംഭിക്കുന്നതിന് പച്ചക്കൊടി വീശിയ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ന്യൂറാലിങ്ക് നന്ദിയും അറിയിക്കുന്നുണ്ട്. ന്യൂറാലിങ്കിന്റെ പോസ്റ്റ് ഉടമയായ ഇലോണ്‍ മസ്‌കും പങ്കിട്ടു.
അതേസമയം, മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് നിരവധി ആശങ്കകള്‍ എഫ്ഡിഎ ഉന്നയിച്ചിരുന്നു. ഉപകരണത്തിന്റെ ലിഥിയം ബാറ്ററി തലച്ചോറിനുള്ളില്‍ സ്ഥാപിക്കുന്നതിലെ പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഉപകരണം സുരക്ഷിതമായി വേര്‍തിരിച്ചെടുക്കുന്നതിലെ വെല്ലുവിളി തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ എഫ്ഡിഎ ചൂണ്ടിക്കാട്ടി.
മൃഗങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിനെ മൃഗസ്നേഹികള്‍ എതിര്‍ത്തിരുന്നു. ഇംപ്ലാന്റുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ ദുരിതമനുഭവിപ്പിക്കുന്നതായി കാട്ടി മൃഗാവകാശ സംഘടനകള്‍ രംഗത്തുവരികയുണ്ടായി. എന്നാല്‍, 2021ല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ഒരു കുരങ്ങ് മൈന്‍ഡ് പോംഗ് ഗെയിം കളിച്ചിരുന്നു. അതിന്റെ വിഡിയോയും പുറത്തുവരികയുണ്ടായി. അതോടെ മനുഷ്യനില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി വേഗം കൂട്ടുകയും ചെയ്തു. ആദ്യം എലികളിലും ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.