വളര്‍ത്തു നായയെ തലയ്ക്കടിച്ചു, ജീവനോടെ കത്തിച്ചു; ജഡം പുറത്തെടുത്ത് പരിശോധന

വളര്‍ത്തു നായയെ തലയ്ക്കടിച്ചു, ജീവനോടെ കത്തിച്ചു; ജഡം പുറത്തെടുത്ത് പരിശോധന

ആലപ്പുഴ: വളര്‍ത്തു നായയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്നതാണെന്ന ഉടമയുടെ പരാതിയെത്തുടര്‍ന്ന് ജഡം പുറത്തെടുത്ത് സാംപിള്‍ ശേഖരിച്ചു. രണ്ടര മാസം മുന്‍പ് കൂഴിച്ചുമൂടിയ നായയുടെ ജഡമാണ് പുറത്തെടുത്തത്. വെറ്ററിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത ജഡത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരത്തുള്ള ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

എടത്വ തലവടി സ്വദേശി തോപ്പില്‍ചിറയില്‍ മോന്‍സി ജേക്കബിന്റെ പരാതിയിലാണ് കേസ്. മാര്‍ച്ച് 13 ന് രാത്രി മോന്‍സിയുടെ വീട്ടിലെ മതില്‍ക്കെട്ടിനുള്ളില്‍ തുറന്നു വിട്ടിരുന്ന രണ്ട് വയസുള്ള നായക്കുട്ടി മതിലിന് പുറത്ത് ചാടി. രണ്ടു ദിവസം നായയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും നായക്കുട്ടിയെ കണ്ടുകിട്ടിയില്ല. നായ സമീപവാസിയുടെ കിണറ്റില്‍ വീണു എന്നും ചത്തതിനാല്‍ കുഴിച്ചിട്ടു എന്നുമാണ് പിന്നീട് വിവരം ലഭിച്ചത്.

എന്നാല്‍ കിണറ്റില്‍ വീണ നായയെ കരയ്‌ക്കെടുത്തപ്പോള്‍ ആരോഗ്യവാനായിരുന്നെന്നും പിന്നീട് തലയ്ക്കടിച്ച് മൃതപ്രായനാക്കിയെന്നും മോന്‍സി അറിഞ്ഞു. അവശനായ നായയെ കുഴിച്ചിട്ടപ്പോള്‍ ചാടിയെണീക്കാന്‍ ശ്രമിച്ചെന്നും മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം കുഴി മൂടുകയായിരുന്നെന്നുമാണ് പരാതിയില്‍ പറയുന്നത്.

14 ന് മോന്‍സി ആദ്യം എടത്വ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇന്നലെ നായയുടെ ജഡം പുറത്തെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.