കൊച്ചി: ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് കഴിഞ്ഞ ഒൻപത് മാസമായി നൈജീരിയയുടെ കസ്റ്റഡിയിലായിരുന്ന എം.ടി ഹീറോയിക് ഇഡുൻ എന്ന ഓയിൽ ടാങ്കറും അതിലെ ജീവനക്കാരെയും മോചിപ്പിച്ചു. മൂന്ന് മലയാളികൾ ഉൾപെടെ 26 പേരാണ് തടവിൽ കഴിഞ്ഞിരുന്നത്. ഇവരുടെ പാസ്‌പോർടുകൾ ശനിയാഴ്ച കൈമാറുമെന്ന് അധികൃതർ പറഞ്ഞു. കൊച്ചി സ്വദേശികളായ ചീഫ് ഓഫിസർ കാപ്റ്റൻ സനു ജോസ്, മിൽടൻ ഡികോത്, കൊല്ലം സ്വദേശി വി വിജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.
ജീവനക്കാർ കുറ്റക്കാരല്ലെന്ന് നൈജീരിയൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മോചനം. കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞു വയ്ക്കപ്പെട്ട കപ്പൽ നവംബറിലാണ് നൈജീരിയയ്ക്ക് കൈമാറിയത്. മാസങ്ങൾ നീണ്ട കോടതി വിചാരണയ്ക്കു ശേഷമാണു മോചനം. കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി കപ്പൽ ജീവനക്കാരെ തടഞ്ഞുവെച്ചതിനെതിരെ രാജ്യാന്തര തലത്തിൽ വ്യാപകമായ എതിർപ്പുയർന്നിരുന്നു.
ഓഗസ്റ്റ് എട്ടിനു നൈജീരിയൻ എക്‌സ്‌ക്ലൂസീവ് ഇകണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോർ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയ ഹീറോയിക് ഇഡുൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് ഇരയാകുകയായിരുന്നു. ക്രൂഡ് ഓയിൽ നിറയ്ക്കാനുള്ള സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ സോൺ വിട്ടു പുറത്തുപോകാൻ നിർദേശം ലഭിച്ച കപ്പലിനെ രാത്രി അജ്ഞാത കപ്പൽ സമീപിച്ചു. തുടർന്ന് നൈജീരിയൻ നാവിക സേനയാണെന്നും കപ്പൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, തിരിച്ചറിയുന്നതിന് ആവശ്യമായ ഓടമാറ്റിക് ഐഡന്റിഫികേഷൻ സിസ്റ്റംസ് പ്രവർത്തിപ്പിക്കാതെയാണ് കപ്പൽ എത്തിയത് എന്നതിനാൽ കടൽക്കൊള്ളക്കാരാണെന്ന് ഭയന്ന് ഹീറോയിക് ഇഡുൻ ജീവനക്കാർ കപ്പലുമായി അവിടെ നിന്നു നീങ്ങുകയും അപായ മുന്നറിയിപ്പു നൽകുകയും ചെയ്തു. നൈജീരിയൻ കപ്പൽ പിന്തുടർന്നെങ്കിലും പിൻവാങ്ങി. എന്നാൽ, ഓഗസ്റ്റ് 14 ന് ഗിനി നാവികസേന ഹീറോയിക് ഇഡുൻ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട്, നൈജീരിയയ്ക്ക് കൈമാറിയ കപ്പൽ ജീവനക്കാരെ ക്രൂഡ് ഓയിൽ മോഷണക്കുറ്റം ആരോപിച്ചാണ് തടവിലാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.