അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കി നാലു വര്‍ഷത്തിനുള്ളില്‍ നടന്നത് 30,000 ഭ്രൂണഹത്യകള്‍; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ബിസിനസായി വളരുന്നു

അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കി നാലു വര്‍ഷത്തിനുള്ളില്‍ നടന്നത് 30,000 ഭ്രൂണഹത്യകള്‍; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ബിസിനസായി വളരുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമപരമായി അംഗീകരിക്കപ്പെട്ട ശേഷം നാലു വര്‍ഷം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തോളം ഭ്രൂണഹത്യകള്‍. അയര്‍ലന്‍ഡിലെ പ്രോ-ലൈഫ് കാമ്പെയ്ന്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഗര്‍ഭഛിദ്ര വിഷയത്തില്‍ 2018 മെയില്‍ ജനഹിത പരിശോധന നടത്തിയതിന് ശേഷമാണ് അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. അന്നു നടത്തിയ ഹിതപരിശോധനയില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിനാണ് മേല്‍കൈ നേടാനായത്.

അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ഒരുപോലെ സംരക്ഷണം നല്‍കുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതി നീക്കം ചെയ്ത് ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന ഗര്‍ഭഛിദ്ര അനുകൂലികളുടെ ആവശ്യത്തിനെതിരേ പ്രൊ ലൈഫ് സംഘടനകള്‍ മുന്‍പ് രംഗത്തുവന്നിരുന്നു. എട്ടാം ഭരണഘടനാ ഭേദഗതി അതുപോലെ തുടരണം എന്ന ആവശ്യമാണ് കത്തോലിക്ക ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും അന്ന് മുന്നോട്ടുവച്ചത്. എന്നാല്‍, ജനഹിത പരിശോധനയില്‍ പരാജയമായിരുന്നു ഫലം. ഇതേതുടര്‍ന്നാണ് ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത്.

2019-ല്‍ ഗര്‍ഭഛിദ്രത്തിന് നിയമസാധുത കൈവന്ന ശേഷം രാജ്യത്തെ വാര്‍ഷിക ഗര്‍ഭഛിദ്ര നിരക്ക് 70 ശതമാനം വര്‍ദ്ധിച്ചതായി പ്രോ-ലൈഫ് കാമ്പെയ്ന്റെ കണക്കുകള്‍ പറയുന്നു. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 28,802 ഗര്‍ഭഛിദ്രങ്ങളാണ് രാജ്യത്തു നടത്തിയത്. 2022-ല്‍ മാത്രം 8,876 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. 2021 നെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വര്‍ദ്ധന.

ഗര്‍ഭഛിദ്ര നിരക്കിലെ അപകടകരമായ വര്‍ധന സര്‍ക്കാരിന്റെ പരാജയത്തെ ചൂണ്ടിക്കാണിക്കുന്നതായി പ്രോ-ലൈഫ് കാമ്പെയ്നിന്റെ സി.ഇ.ഒ എലിസ് മള്‍റോയ് പറഞ്ഞു. അയര്‍ലന്‍ഡില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഒരു കുഞ്ഞ് ഗര്‍ഭച്ഛിദ്രം ചെയ്യപ്പെടുന്നുണ്ടെന്ന് എലിസ് മള്‍റോയ് പറഞ്ഞു.

2019 ജനുവരിയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി നിയമം പാസാക്കിയ ശേഷം ഒരു വര്‍ഷം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 6,666 ഭ്രൂണഹത്യാ കേസുകളാണ്. അതില്‍ 6542 കേസുകള്‍ ഗര്‍ഭാവസ്ഥയുടെ ആരംഭത്തില്‍ ഭ്രൂണഹത്യ നടത്തിയതാണെന്നു വ്യക്തമായിരുന്നു.

ഗര്‍ഭഛിദ്രത്തിന് അനുകൂലമായ കൂടുതല്‍ നടപടികള്‍ക്കാണ് ഐറിഷ് സര്‍ക്കാര്‍ ഇപ്പോഴും പരിഗണന നല്‍കുന്നത്. ഗര്‍ഭഛിദ്രം പൂര്‍ണമായും കുറ്റകരമല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

നിലവില്‍ 12 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രമാണ് അയര്‍ലന്‍ഡില്‍ നിയമാനുസൃതം. അല്ലെങ്കില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ആപത്തോ ആരോഗ്യത്തിന് ഗുരുതരമായ അപകടമോ സംഭവിക്കുന്ന കേസുകളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഇതിനെ മറയാക്കി പല സാഹചര്യങ്ങളിലും വ്യാപകമായി ഗര്‍ഭഛിദ്രം അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ഇതിനോടകം അയര്‍ലന്‍ഡില്‍ ഒരു ബിസിനസ് ശൃംഖലയായി വളര്‍ന്ന് വന്നതായി പ്രോ-ലൈഫ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.