ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ രൂപരേഖ മുതൽ ശിലാസ്ഥാപനം, നിർമാണം, ഉദ്ഘാടനം, സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഒരു ചർച്ചപോലും ഉണ്ടായില്ല. ഭരണ, പ്രതിപക്ഷ അംഗങ്ങളുമായി കൂടിയാലോചനക്കോ ഗുണപരമായ അഭിപ്രായങ്ങൾ കേൾക്കാതെ സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ നിർമാണം ആണെന്ന് ആദ്യം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. .
വളരെ മുതിർന്ന, അനുഭവത്തഴക്കമുള്ള പാർലമെന്റ് അംഗങ്ങളോടു പോലും വ്യവസ്ഥാപിതമായൊരു രീതിയിൽ അഭിപ്രായം തേടിയില്ല. ഭരണ, പ്രതിപക്ഷ അംഗങ്ങൾക്ക് തുല്യപ്രാധാന്യവും പരിഗണനയും നൽകുകയെന്ന പാർലമെന്ററി കീഴ്വഴക്കം കാറ്റിൽപറന്നു. നിലവിലെ അംഗങ്ങളും ഭാവിയിലെ അംഗങ്ങളും നിയമനിർമാണം നടത്തേണ്ട വേദിയുടെ കാര്യത്തിൽ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കാൻ ഇടമുണ്ടായില്ല.
ഫെഡറൽ സംവിധാനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നതെങ്കിലും രാജ്യത്തിന്റെ പുതിയ പാർലമെന്റിനെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയില്ല. ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞില്ല.
സമവായത്തിന്റെയും പ്രതിപക്ഷ മര്യാദയുടെയും ജനാധിപത്യവഴക്കം പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിൽപോലും ഉണ്ടായില്ലെന്ന കരിനിഴലിലാണ് ഉദ്ഘാടനം നടക്കുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും മാറിനിൽക്കേണ്ടിവരുന്ന ഉദ്ഘാടനച്ചടങ്ങാണ് ഇന്ന് അരങ്ങേറുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് താരത്തിളക്കം. നിർമിക്കുന്നവർക്ക് ഉദ്ഘാടനം ചെയ്യാൻ അവകാശമുണ്ടെന്നും പാർലമെന്റിന്റെ അനുബന്ധ മന്ദിരങ്ങൾ മുൻകാലത്ത് പ്രധാനമന്ത്രിമാർ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നുമുള്ള ന്യായങ്ങളുമാണ് സര്‍ക്കാര്‍ നിരത്തുന്നത്.
നിർമിക്കാൻ ചെലവിടുന്ന കോടികൾ പൊതുപ്പണമാണെന്നിരിക്കെ, ജനാധിപത്യ മര്യാദകളും പ്രതിപക്ഷ ബഹുമാനവും പരിപാലിക്കാനുള്ള ചുമതല സർക്കാറിനുണ്ട്. ഭരണനിർവഹണത്തിന്റെ തലപ്പത്ത് പ്രധാനമന്ത്രിയാണെങ്കിലും രാഷ്ട്രത്തിന്റെ തലപ്പത്ത് രാഷ്ട്രപതിയാണെന്ന സാമാന്യ ബോധം, ഉദ്ഘാടനം ആരു നിർവഹിക്കണമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്.
എന്നാൽ പുതിയ പാർലമെന്റിന്റെ സ്രഷ്ടാവായി ചരിത്രത്തിൽ ഇടംനേടാനുള്ള പ്രധാനമന്ത്രിയുടെ വ്യഗ്രത, സാമാന്യമര്യാദയെ മറികടന്നുവെന്ന് കരുതുന്ന പ്രതിപക്ഷം അതിനാല്‍ തന്നെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.