മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം: ലോകായുക്ത ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം: ലോകായുക്ത ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആർ.എസ്.ശശികുമാർ സമർപ്പിച്ച ഹർജി കോടതി ജൂൺ ഏഴിലേക്കു മാറ്റി. വിഷയം ഫുൾ ബെഞ്ചിന് വിട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ലോകായുക്ത ഫുൾബെഞ്ച് ജൂൺ ആറിനാണ് കേസ് പരിഗണിക്കുന്നത്.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജി മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേനയാണ് ആർ.എസ്.ശശികുമാർ ഹർജി സമർപ്പിച്ചത്.

മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്താണ് ഹർജി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നൽകിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.