എഐ ക്യാമറയിലേതിനേക്കാള്‍ വലിയ അഴിമതി; കെ ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം

എഐ ക്യാമറയിലേതിനേക്കാള്‍ വലിയ അഴിമതി; കെ ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം. എഐ ക്യാമറയിലേതിനേക്കാള്‍ വലിയ അഴിമതിയാണ് നടന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം കെ ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത്.

വന്‍ അഴിമതിയാണ് കെ ഫോണില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. എഐ ക്യാമറയില്‍ ക്രമക്കേട് നടത്തിയ കമ്പനികള്‍ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളത്. കെ ഫോണ്‍ എസ്റ്റിമേറ്റ് 50 ശതമാനം ഉയര്‍ത്തിയത് അഴിമതിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആരോപണം ഉന്നയിച്ചാല്‍ തീ പടരുന്ന സ്ഥിതിയാണ് കേരളത്തില്‍. സംസ്ഥാനത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ 10 ദിവസത്തെ ഇടവേളയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളില്‍ തീപിടിത്തം ഉണ്ടായി. മരുന്നുകളുള്‍പ്പടെ കത്തി നശിച്ചു. മുമ്പ് സെക്രട്ടറിയറ്റില്‍ തീപിടിത്തം ഉണ്ടായതും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയുടെ ഏത് ഭാഗമാണ് കുറച്ചതെന്ന് ആര്‍ക്കും അറിയില്ല. അത് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.