മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം; ഭീകരവാദ ഭീഷണി തള്ളി സംയുക്ത സൈനിക മേധാവി

 മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം; ഭീകരവാദ ഭീഷണി തള്ളി സംയുക്ത സൈനിക മേധാവി

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണം.
ഇംഫാല്‍: സംഘര്‍ഷ ഭരിതമായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന് ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിങാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. നിരപരാധികളായ ഗ്രാമീണരെ സംരക്ഷിക്കുന്നതിനായി സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ അധികമായി വിന്യസിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിങ് സര്‍ക്കാര്‍ ഗോത്ര വര്‍ഗക്കാര്‍ക്കെതിരെ വംശീയ ഉന്മൂലനം നടത്തിവരികയാണെന്നും ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു.

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവേ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ ഭീകരവാദ ഭീഷണിയില്ലെന്ന് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ പറഞ്ഞു. പ്രാഥമികമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇത് ഒരു ക്രമസമാധാന സാഹചര്യമാണന്നും അദേഹം വ്യക്തമാക്കി.

ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളും ഹൈന്ദവര്‍ക്ക് ഭൂരിപക്ഷമുള്ള മെയ്‌തേയ് സമുദായവും തമ്മില്‍ സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ കുക്കികളെ തീവ്രവാദികളായി മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ് ചിത്രീകരിച്ചത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. മുപ്പതോളം 'കുക്കി തീവ്രവാദികളെ' സുരക്ഷാസേന വധിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

മണിപ്പുരില്‍ മെയ് മൂന്നിന് ആരംഭിച്ച സംഘര്‍ഷത്തിന് അയവ് വന്നിരുന്നെങ്കിലും ഒരിടവേളയ്ക്കുശേഷം ശനിയാഴ്ചയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ചയും തുടര്‍ന്നു. വെടിവെപ്പിലും ആക്രമങ്ങളിലും ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം പത്ത് പേരാണ് കൊല്ലപ്പെട്ടത്.

അമിത് ഷായുടെ സന്ദര്‍ശനത്തിനു മുന്‍പ് സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും തിരച്ചില്‍ നടത്തി ആയുധങ്ങള്‍ കണ്ടെടുക്കാനുമായി സൈന്യം നടപടിയാരംഭിച്ചതിനു പിന്നാലെയായിരുന്നു വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.