'തീവ്രമായ ദുഖവും നികത്താനാവാത്ത നഷ്ടവും'; വാഹനാപകടത്തില്‍ മരിച്ച ഫാ. അബ്രാഹം ഒറ്റപ്ലാക്കലിനെ അനുസ്മരിച്ച് തലശേരി അതിരൂപത

'തീവ്രമായ ദുഖവും നികത്താനാവാത്ത നഷ്ടവും'; വാഹനാപകടത്തില്‍ മരിച്ച ഫാ. അബ്രാഹം ഒറ്റപ്ലാക്കലിനെ അനുസ്മരിച്ച് തലശേരി അതിരൂപത

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച തലശേരി അതിരൂപതാംഗമായ യുവ വൈദീകന്‍ ഫാ. അബ്രാഹാമിനെ(മനോജ് ഒറ്റപ്ലാക്കല്‍ അച്ചന്‍) അനുസ്മരിച്ച് തലശേരി അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടന്നുകുന്നേല്‍. ഇന്നലെ പുലര്‍ച്ചെ മൂന്നിന് മാഹിയിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്.

തീവ്രമായ ദുഖവും നികത്താനാവാത്ത നഷ്ടവുമാണ് മനോജ് അച്ചന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഫാ. ജോസഫ് മുട്ടന്നുകുന്നേല്‍ അനുസ്മരിച്ചു. യൗവ്വനത്തിന്റെ ജ്വലനത്തില്‍ 38-ാമത്തെ വയസിലാണ് ആ ദീപം അണഞ്ഞത്. 12 വര്‍ഷത്തെ പൗരോഹിത്യജീവിതം മാത്രമാണ് നിത്യപുരോഹിതന്‍ മനോജച്ചനു നല്‍കിയതെങ്കിലും ഒരായുസിന്റെ സംഭാവനകളും ഓര്‍മ്മകളും അദ്ദേഹം അതിരൂപതയ്ക്ക് സമ്മാനിച്ചുവെന്ന് തലശേരി അതിരൂപത ചാന്‍സലര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

തലശേരി അതിരൂപതയിലെ എടൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി ഇടവക ഒറ്റപ്ലാക്കല്‍ പൗലോസിന്റെയും ത്രേസ്യാമ്മയുടെയും നാല് മക്കളില്‍ മൂത്തവനായി 1985 മാര്‍ച്ച് 19 നാണ് അദ്ദേഹം ജനിച്ചത്. മനോജച്ചന്റെ സഹോദരന്‍ സി.എസ്.ടി സഭാംഗമായ ഫാ. ജോജേഷ് ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ മിഷനറിയായി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജിജേഷും മഞ്ജുഷയുമാണ് മറ്റ് രണ്ട് സഹോദരങ്ങള്‍.

2000 ആണ്ടിലാണ് തലശേരി മൈനര്‍ സെമിനാരിയില്‍ ഫാ. മനോജ് ചേര്‍ന്നത്. തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും ആലുവ മംഗലപ്പുഴ സെമിനാരിയിലും ആയിരുന്നു. 2011 ഡിസംബര്‍ 27 ന് അഭിവന്ദ്യ മാര്‍ ജോര്‍ജ് വലിയമറ്റത്തില്‍ നിന്ന് ഏടൂര്‍ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തില്‍വച്ചാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. പാണത്തൂര്‍ പള്ളിയില്‍ അസി. വികാരിയായി ശുശ്രൂഷ ചെയ്തുകൊണ്ടാണ് മനോജ് അച്ചന്‍ പൗരോഹിത്യജീവിതം ആരംഭിച്ചത്.

തുടര്‍ന്ന് പുളിങ്ങോം, കുടിയാന്‍മല, വെള്ളരിക്കുണ്ട്, പേരാവൂര്‍ എന്നീ ഇടവകകളില്‍ കൊച്ചച്ചനായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് 2015 ഓഗസ്റ്റ് മുതല്‍ 2019 മെയ് വരെ ചെട്ടിയാംപറമ്പ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്തു. 2019 മെയ് മുതല്‍ 2023 മെയ് 14 വരെ തലശേരി സാന്‍ജോസ് മെട്രോപ്പോളിറ്റന്‍ സ്‌കൂള്‍ മാനേജരായിരുന്നു. തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടറായി നിയമനം ലഭിച്ച് രണ്ട് ആഴ്ചകള്‍ ആകുമ്പോഴേയ്ക്കുമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.