മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ മെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി

മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ മെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി

മെല്‍ബണ്‍: പ്രാര്‍ഥനകളാലും സ്തുതി ഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ രണ്ടാമത് മെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈവയ്പുവഴി പുതിയ മെത്രാന്‍ അഭിഷിക്തനാക്കപ്പെട്ടതോടെ പ്രവാസി വിശ്വാസ സമൂഹത്തിനത് ധന്യനിമിഷങ്ങളായി.

മാര്‍ത്തോമ്മാ ശ്ലീഹ പകര്‍ന്നുതന്ന വിശ്വാസ പൈതൃകം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വേരുറപ്പിക്കാനും സിറോ മലബാര്‍ സഭയുടെ ആരാധനാ ക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാ വിശ്വാസികളിലേക്കു പകരുന്നതു തുടരാനുമുള്ള ദൗത്യത്തിന് പുതിയ മെത്രാന്റെ സ്ഥാനാരോഹണം ഊര്‍ജമേകും.



മെല്‍ബണിലെ ഒവര്‍ ലേഡി ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്സ് കല്‍ദായ പള്ളിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കും മെല്‍ബണ്‍ സമയം വൈകിട്ട് അഞ്ചിനുമാണ് മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. മുപ്പതോളം മെത്രാന്മാരും മെല്‍ബണ്‍ രൂപതയിലെ മുഴുവന്‍ വൈദികരും സന്നിഹിതരായിരുന്നു. ആയിരത്തിലേറെ വിശ്വാസികളും പങ്കെടുത്ത ചടങ്ങ് ഓസ്‌ട്രേലിയയില്‍ അതിവേഗം വളരുന്ന സിറോ മലബാര്‍ സഭയുടെ ശക്തി തെളിയിക്കുന്ന ചരിത്ര മുഹൂര്‍ത്തമായി മാറി.

പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ എല്ലാവരെയും സ്വാഗതം ചെയ്തു. മാര്‍ പനന്തോട്ടത്തിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ വായിച്ചു.

മെല്‍ബണ്‍ രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാര്‍ ബോസ്‌കോ പുത്തൂരിന്റെ സേവനങ്ങളെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞ് അദ്ദേഹത്തിന് പ്രത്യേകം നന്ദി പറഞ്ഞു. ഓസ്‌ട്രേലിയയിലെ ആദ്യ രൂപതയുടെ പ്രവര്‍ത്തനത്തിന് മാര്‍ ബോസ്‌കോ പുത്തൂര്‍ ശക്തമായ അടിത്തറ പാകിയതായി മാര്‍ ആലഞ്ചേരി പറഞ്ഞു. രൂപതയുടെ നിര്‍ണായകമായ ഭരണച്ചുമതലകളില്‍ അല്‍മായരെ നിയമിക്കാനുള്ള ബിഷപ്പിന്റെ തീരുമാനം സഭയ്ക്ക് എന്നും പ്രചോദനമായിരിക്കും. ചുമതല ഒഴിഞ്ഞ മാര്‍ ബോസ്‌കോ പുത്തൂരിന് ആയുരാരോഗ്യവും സഭയെ പുതിയ വഴികളില്‍ നയിക്കാനുള്ള ആശംസകളും നേര്‍ന്നു.

ഓസ്ട്രേലിയയിലെ വിശ്വാസികള്‍ക്കായി സിറോ മലബാര്‍ രൂപത സ്ഥാപിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തു തന്ന അന്തരിച്ച കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനും ഓസ്ട്രേലിയയിലെ മെത്രാന്‍ സമിതിക്കും കര്‍ദിനാള്‍ നന്ദി പറഞ്ഞു.

കുടിയേറ്റ രാജ്യമായ ഓസ്‌ട്രേലിയയില്‍ അജപാലന ദൗത്യത്തിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സഭയുടെ വിശ്വാസ പാരമ്പര്യങ്ങളും ആരാധനാക്രമ പൈതൃകവും ഓസ്ട്രേലിയയിലെ വിശ്വാസ സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ പുതിയ മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് സാധിക്കും എന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഷിക്കാഗോ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി. ബ്രിസ്ബന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക് കോള്‍റ്രിഡ്ജ് വചന സന്ദേശം നല്‍കി. 

അഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം മാര്‍ ജോണ്‍ പനന്തോട്ടത്തിലിനെ മെത്രാന്മാരും വൈദികരും ആശ്ലേഷിച്ച് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു.

യൂറോപ്പിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, രാജ്കോട്ട് ബിഷപ്പ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, ഷംഷബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ ഉള്‍പ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍നിന്നുള്ള 30 ബിഷപ്പുമാരും മെല്‍ബണ്‍ രൂപതയിലെ മുഴുവന്‍ വൈദികരും സന്നിഹിതരായിരുന്നു.

അഡ്ലെയ്ഡ് ആര്‍ച്ച് ബിഷപ്പ് പാട്രിക് ഒ റീഗന്‍, മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി, പെര്‍ത്ത് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്.ഡി.ബി തുടങ്ങി ഓസ്‌ട്രേലിയന്‍ ബിഷപ്പുമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിലുള്ള സിറോ മലബാര്‍ വിശ്വാസികളും ഈ അസുലഭമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.