സഹകരണ സംരംഭങ്ങളിലൂടെ കര്‍ഷകര്‍ക്കു സഹായമേകണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

 സഹകരണ സംരംഭങ്ങളിലൂടെ കര്‍ഷകര്‍ക്കു സഹായമേകണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഓസ്‌ട്രേലിയ- സ്യുസിലാന്‍ഡ് ഫ്രൂട്ട്‌സ് വാലി കമ്പനി ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍: കാര്‍ഷികോല്പന്നങ്ങളുടെ വിപണി സാധ്യതകള്‍ക്ക് സര്‍ക്കാരുകളെ മാത്രം ആശ്രയിക്കാതെ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂടെയും കര്‍ഷകരെ സഹായിക്കാന്‍ സാധിക്കുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ- സ്യുസിലാന്‍ഡ് ഫ്രൂട്ട്‌സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം മെല്‍ബണില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മലയോര മക്കളുടെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കേണ്ടത് നിലനില്‍പ്പിന്റെ ആവശ്യമാണ്. അതിനായി വിവിധ രാജ്യങ്ങളിലുള്ളവര്‍ കൂടുതലായി ശ്രമിക്കണം. വികസിത രാജ്യങ്ങളിലെ സുമനസുകള്‍ കേരളത്തിനായി ചിന്തിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ശൈലി പ്രത്യാശ നല്‍കുന്നതാണ്.

ഓസ്ട്രേലിയയിലും, ന്യുസിലാന്‍ഡിലും കേരളത്തിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഫ്രൂട്‌സ് വാലി കമ്പനി കര്‍ഷകജനതയ്ക്ക് ആശ്വാസമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.ഓസ്ട്രേലിയയിലും, ന്യുസിലാന്‍ഡിലുമുള്ള വിശ്വാസ സമൂഹത്തിനു കേരളത്തോടുള്ള താല്പര്യമാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പ്രചോദനമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പറഞ്ഞു.

ഫ്രൂട്ട്‌സ് വാലി കമ്പനിയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ കര്‍ഷകര്‍ക്കായി കൂട്ടായ്മകള്‍ രൂപപ്പെടുന്നുണ്ടെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

ഫ്രൂട്ട്‌സ് വാലി കമ്പനി കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചു ഓസ്‌ട്രേലിയയില്‍ ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനനവും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയ ഫ്രൂട്ട്‌സ് വാലി കമ്പനിയുടെ ചെയര്‍മാന്‍ ജോണികുട്ടി തോമസ് അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭ ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടം, കത്തോലിക്കാ കോണ്‍ഗ്രസ് മെല്‍ബണ്‍ രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ പുതുവ, ഫാ. മാത്യു അരീപ്ലാക്കല്‍, റെജി ചാക്കോ, ബെനഡിക്ട് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26