കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ 14,000 വീടുകളിലും 30,000 സർക്കാർ സ്ഥാപനങ്ങളിലും: ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ 14,000 വീടുകളിലും 30,000 സർക്കാർ സ്ഥാപനങ്ങളിലും: ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി കെഫോണിന്റെ ഉദ്ഘാടനം നാളെ. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000 ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റർനെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കും.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. 140 മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണാനും അതിൽ പങ്കാളിയാകാനും ഉള്ള സൗകര്യം സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്.

അതേ സമയം ചടങ്ങ് ബഹിഷ്‌ക്കരിക്കുമന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിവേഗ കേബിള്‍ നെറ്റ്‌വര്‍ക്കും 5 ജി സിമ്മും ഉള്ള കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ 1531 കോടിയുടെ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും ശതകോടികള്‍ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കുറ്റപ്പെടുത്തി. എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.

2017 ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ബന്ധപ്പെട്ടവര്‍ ശതകോടികള്‍ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടു. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനം 14,000 ആക്കി ചുരുക്കിയിട്ടും അതുപോലും നല്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സംസ്ഥാനമൊട്ടാകെ വ്യാപകമായ 5 ജി സേവനദാതാക്കള്‍ സെക്കന്‍ഡില്‍ 1009 മെഗാബൈറ്റ് വേഗത നല്‍കുമ്പോള്‍ കെ ഫോണ്‍ കാളവണ്ടിപോലെ 15 മെഗാബൈറ്റ് വേഗത മാത്രം ലഭ്യമാക്കി ഉപയോക്താക്കളെ വിഡ്ഢികളാക്കുന്നു. ആനുകാലിക പ്രസക്തിയില്ലാത്ത ഈ പദ്ധതി നടപ്പാക്കിയത് വെട്ടിപ്പിനു വേണ്ടി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. 

എഐ ക്യാമറയിലെ എസ്ആര്‍ഐടി, പ്രസാദിയോ തുടങ്ങിയ തട്ടിപ്പുസംഘം മൊത്തത്തോടെ കെ ഫോണ്‍ പദ്ധതിയിലും അണിനിരന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഇതിന്റെയും സൂത്രധാരണെന്നും സുധാകരന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.