ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 275 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, റെയില്‍വേയിലെ അപകടങ്ങള്‍ സംബന്ധിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) തയ്യാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു.
റെയില്‍ സുരക്ഷയിലെ പാളിച്ചകളെ കുറിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ സി.എ.ജി വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
വന്‍ ദുരന്തമുണ്ടായതിന്റെ കാരണം കണ്ടെത്തിയതായും അതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടനെ തന്നെ പുറത്തു വിടുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്.
ഇലക്രോണിക് ഇന്റര്‍ ലോക്കിങിലുണ്ടായ മാറ്റമാണ് ഒഡിഷയിലെ അപകടത്തിലേക്ക് നയിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. കൂടാതെ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് റെയില്‍വേ ബോര്‍ഡും നിഗമനങ്ങള്‍ പങ്കുവെച്ചിരുന്നു.
രാജ്യത്ത് തീവണ്ടികളുടെ പാളം തെറ്റലും കൂട്ടിയിടിയും ഒഴിവാക്കുന്നതിനായി റെയില്‍വേ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച് സിഎജി പഠനം നടത്തുകയും പോരായ്മകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ട്രാക്ക് റെക്കോഡിങ് വാഹനങ്ങള്‍ ഉപയോഗിച്ച് റെയില്‍വേ പാളങ്ങളുടെ ജ്യാമിതീയവും ഘടനാപരവുമായ സ്ഥിതി പരിശോധിച്ചതില്‍, 30 മുതല്‍ 100 ശതമാനം വരെ പോരായ്മകളുള്ളതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് മൂലം 2017 ഏപ്രില്‍ - 2012 മാര്‍ച്ച് കാലയളവില്‍ രാജ്യത്ത് 422 തവണ തീവണ്ടികള്‍ പാളം തെറ്റിയതായി റിപ്പോര്‍ട്ട് പറയുന്നു.
പാളങ്ങളുടെ അറ്റകുറ്റ പണികള്‍ സമയോചിതമായി നടത്താത്തതും അനുവദനീയമായ പരിധിക്കപ്പുറമുള്ള ട്രാക്ക് മാറ്റങ്ങളും മോശം ഡ്രൈവിങ്, അമിത വേഗവുമെല്ലാം പാളംതെറ്റുന്ന സംഭവങ്ങള്‍ക്ക് വഴി വെക്കുന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.
ഓപറേറ്റിങ് വിഭാഗത്തിന്റെ അശ്രദ്ധ മൂലം 275 ട്രെയിനപകടങ്ങള്‍ ഉണ്ടായി. പോയന്റുകളുടെ തെറ്റായ ക്രമീകരണവും ഷണ്ടിങ് ഓപറേഷനുകളിലെ പിഴവുകളുമാണ് അപകടങ്ങളുടെ 84 ശതമാനത്തിനും കാരണം.
റെയില്‍വേയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള പ്രവൃത്തികള്‍ക്കായി നീക്കിവെച്ച രാഷ്ട്രീയ റെയില്‍ സംരക്ഷ കോഷില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്തുന്നതില്‍ കുറവുവന്നതായി റിപ്പോര്‍ട്ടിലുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് രാഷ്ട്രീയ റെയില്‍ സംരക്ഷ കോഷ് ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ കാലയളവില്‍ ഒരുലക്ഷം കോടി രൂപയാണ് ഇതുവഴി റെയില്‍വേയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി നല്‍കുന്നത്.
ട്രാക്ക് നവീകരണത്തിനായി അനുവദിക്കുന്ന ഫണ്ടില്‍ കുറവുണ്ടായതായും ഈ ഫണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017-21 വരെയുള്ള കാലയളവില്‍ ഉണ്ടായ 1,127 പാളം തെറ്റലുകളുടെ 26 ശതമാനവും ട്രാക്ക് നവീകരണത്തിലുണ്ടായ അനാസ്ഥ മൂലമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ട്രെയിനുകളുടെ സമയക്രമം പാലിക്കുന്നതിനും അപകടങ്ങള്‍ സംബന്ധിച്ച് അന്വേഷണം കൃത്യമായി നടപ്പാക്കുന്നതിനും അറ്റകുറ്റപണികള്‍ സമയോചിതമായി നടപ്പാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ട്.
റെയില്‍വേയുടെ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v