തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രാവിലെ എട്ട് മണിമുതലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ആരംഭിച്ചത്. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുന്നത്.
ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിങ് പൂര്‍ത്തിയായിരുന്നു. ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെയാളായി 12 വയസിന് താഴെയുള്ളവരെ കൊണ്ടുപോയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ല. നാലു വയസിന് മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണം. കുട്ടികള്‍ക്ക് ഇരുചക്രവാഹന യാത്ര അനുവദിക്കാന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.
ക്യാമറകള്‍ ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡ് ക്യാമറയുടെ പിഴയീടാക്കല്‍ ഓഡിറ്റിങിന് വിധേയമാണെന്നും പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര മാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്.
അപ്പീല്‍ നല്‍കാം
പിഴയ്ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയ്ക്കാണ് നല്‍കേണ്ടത്. ഇതിന് ശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീല്‍ നല്‍കുന്നതിന് രണ്ട് മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും.
തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതുകൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്.
ഏഴ് കുറ്റങ്ങള്‍ക്ക് പിഴ
1.ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ (500)
2.സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ (500)
3.മൊബൈല്‍ഫോണ്‍ ഉപയോഗം (2000)
4.റെഡ് സിഗ്നല്‍ മുറിച്ചു കടക്കല്‍ (1000)
5.ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര (1000)
6. അമിതവേഗം (1500)
7.അപകടകരമായ പാര്‍ക്കിംഗ് (250)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.