ഓസ്‌ട്രേലിയയിലെ കത്തോലിക്ക ആശുപത്രി ഏറ്റെടുക്കല്‍; സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ സുപ്രീം കോടതിയില്‍ കേസ്

ഓസ്‌ട്രേലിയയിലെ കത്തോലിക്ക ആശുപത്രി ഏറ്റെടുക്കല്‍; സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ സുപ്രീം കോടതിയില്‍ കേസ്

കാന്‍ബറ: ഓസ്ട്രേലിയയിലെ പ്രശസ്തമായ കത്തോലിക്ക ആശുപത്രിയായ ബ്രൂസ് കാല്‍വരി ഹോസ്പിറ്റല്‍ ജൂലൈ മൂന്നിനകം നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നിയമനടപടിയുമായി ആശുപത്രി അധികാരികള്‍. ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഉടമസ്ഥരായ കാല്‍വരി ഹെല്‍ത്ത് കെയര്‍ സംഘടന.

കാന്‍ബറയിലെ ബ്രൂസില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി ബലം പ്രയോഗിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് വഴിയൊരുക്കുന്ന നിയമനിര്‍മ്മാണത്തിനുള്ള ബില്‍ കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയിരുന്നു.

ഈ വിഷയത്തില്‍ അടുത്ത ആഴ്ചയാണ് കോടതി വാദം കേള്‍ക്കുന്നത്. എന്തായാലും അതുവരെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാനാവില്ല. ബില്‍ സഭ പാസാക്കിയ പശ്ചാത്തലത്തില്‍ കോടതിയോട് അടിയന്തര ഹിയറിംഗ് ആവശ്യപ്പെട്ടതായി ഒരു പ്രസ്താവനയില്‍ കാല്‍വരി ഹെല്‍ത്ത് കെയര്‍ വക്താവ് പറഞ്ഞു.

വാദം കേള്‍ക്കുന്ന അടുത്ത ബുധനാഴ്ച വരെ കാല്‍വരി പബ്ലിക് ഹോസ്പിറ്റല്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും വക്താവ് അറിയിച്ചു. കോടതി അന്തിമ വാദം കേള്‍ക്കുന്ന തീയതി വരെ ആശുപത്രി നിലനില്‍ക്കുന്ന ഭൂമിയില്‍ പ്രവേശിക്കാനോ കാല്‍വരിയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെടാനോ സര്‍ക്കാരിനു കഴിയില്ല.

കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റില്‍ കമ്പനി ഓഫ് മേരിയുടെ കീഴില്‍ 44 വര്‍ഷത്തിലേറെയായി പ്രദേശത്ത് ലാഭേച്ഛയില്ലാതെ മികച്ച സേവനം നല്‍കുന്ന ആശുപത്രിയാണ് കാല്‍വരി ഹോസ്പിറ്റല്‍. മതിയായ ചര്‍ച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിലാണ് ആശുപത്രി ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കാല്‍വരി അധികൃതര്‍ അപേക്ഷച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ആശുപത്രി വക്തമാവ് പറഞ്ഞു.

ആരോഗ്യമന്ത്രി റേച്ചല്‍ സ്റ്റീഫന്‍-സ്മിത്ത് നിയമനടപടി സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല. അതേസമയം ജൂലൈ മൂന്ന് ഏറ്റെടുക്കാനുള്ള തീയതിയായി തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് നിയമ സാധുതയുണ്ടോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുക.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലായാല്‍ കാല്‍വരി എന്ന പേര് ഉപയോഗിക്കുന്നത് തുടരാനാവില്ല. ആശുപത്രിയുടെ നിയമപരമായ നിലനില്‍പ്പിലും മാറ്റംവരും. നിലവില്‍ ഇത് കത്തോലിക്കാ ചാരിറ്റി സംഘടന നടത്തുന്ന ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനമാണ്. പക്ഷേ ഇനിയത് ഒരു ദേശസാല്‍കൃത സംരംഭമായി മാറും.

ആശുപത്രി നിര്‍ബന്ധിതമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റെടുക്കലിനെതിരേ പ്രചാരണവും കാമ്പെയ്നും കാന്‍ബറ-ഗോള്‍ബേണ്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.