കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടില്‍ മൃതദേഹം എത്തിക്കും. തുടര്‍ന്ന് പത്ത് മണിയോടെ പൊങ്ങന്താനം യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
11 മണിയോടെ വാകത്താനം ഞാലിയാക്കുഴി സെന്റ് മാത്യൂസ് ക്‌നാനായ കത്തോലിക്ക പള്ളിയിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തോട്ടയ്ക്കാട് റിഫോമ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്‌കാരം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത്. തൃശൂര്‍ പറമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബിനു അടിമാലി അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കരിയറിലെ സുവര്‍ണകാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v