ദോഹ: ഖത്തർ എയർവേസ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്ക് വരാനിരുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതായി യാത്രക്കാരൻ വിമാനജീവനക്കാരെ അറിയിക്കുകയായിരുന്നു.
പുറപ്പെടൽ സമയത്തിന് തൊട്ടുമുമ്പ്, ഇയാള്‍ അലാറം മുഴക്കുകയും വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും വിമാന ജീവനക്കാരും ഏറെ നേരം ആശങ്കയിലായി. ഖത്തർ എയർവേയ്‌സ് QR 541, വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.
യാത്രക്കാരന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ജീവനക്കാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) വിവരം അറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെത്തി യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 186 പേരെയും ഉടൻ ഒഴിപ്പിക്കുകയുമായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷ ഉറപ്പാക്കി.
പിന്നീട് ബോംബ് വച്ചിട്ടുണ്ടെന്ന് സംശയം പറഞ്ഞ യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തു. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണെന്ന് യുവാവിന്റെ പിതാവ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും അനുബന്ധ രേഖകൾ ഹാജരാക്കുകയും ചെയ്തു. സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കി വിമാനം പിന്നീട് ദോഹയിലേക്ക് യാത്ര തിരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v