'ചാനലിലൂടെ തന്നെ മാപ്പ് പറയണം'; കോടതിയലക്ഷ്യ കേസില്‍ കെ.എം ഷാജഹാന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

'ചാനലിലൂടെ തന്നെ മാപ്പ് പറയണം'; കോടതിയലക്ഷ്യ കേസില്‍ കെ.എം ഷാജഹാന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ ആരോപണമുന്നയിച്ചതിന് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന കെ.എം ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല. ഷാജഹാന്‍ നല്‍കിയ സത്യവാങ്മൂലം നിരുപാധിക മാപ്പായി കണക്കാക്കാനാവില്ലെന്ന് കോടതി വിലയിരുത്തി.
യുട്യൂബ് ചാനലിലൂടെ തന്നെ ആരോപണം തിരുത്തണമെന്നും മാപ്പു പറയണമെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

യുട്യൂബ് ചാനലിലൂടെ ജഡ്ജിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന് മാപ്പ് നല്‍കണമെന്നും ഷാജഹാന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാല്‍ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നിരുപാധികം മാപ്പ് അപേക്ഷിച്ച് മറ്റൊരു സത്യവാങ്മൂലം നല്‍കാമെന്ന് ഷാജഹാന്‍ കോടതിയെ അറിയിച്ചെങ്കിലും യുട്യൂബ് ചാനലിലൂടെ മാപ്പുപറഞ്ഞ് അതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നും അതിനാല്‍ ഷാജഹാനെതിരേ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഷാജഹാന്‍ ഹാജരാകാതിരുന്നതും കോടതിയുടെ അതൃപ്തിക്കിടയാക്കി.

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍ നിന്ന് വന്‍ തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ യുട്യൂബ് ചാനലില്‍ നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.