മെല്‍ബണില്‍ മെയ് 31-ന് നടന്ന മെത്രാഭിഷേകച്ചടങ്ങില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍
മെല്‍ബണ്‍: അജപാലന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് മുന്‍പായി വിശ്വാസികളെ സന്ദര്‍ശിക്കുന്നതിനും കേള്‍ക്കുന്നതിനുമാണ് തന്റെ പ്രഥമ പരിഗണനയെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍. ജനങ്ങളുടെ അടുത്തേക്ക് പോകുകയും അവരെ കേള്‍ക്കുകയും അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യാനാണ് താന്‍ ആദ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മീഡിയ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍, മെത്രാനായി അഭിഷിക്തനായ ശേഷമുള്ള ശുശ്രൂഷാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാര്‍ ജോണ്‍ പനന്തോട്ടത്തില്‍.
'എന്താണ് വിശ്വാസികളുടെ പ്രതീക്ഷകള്‍? അതു മനസിലാക്കാതെ, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാതെ എങ്ങനെയാണ് അജപാലന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുക? അതിനാല്‍ ആദ്യം തനിക്ക് രൂപതാംഗങ്ങളായ കുടുംബങ്ങളെ സന്ദര്‍ശിക്കണം, അവരെ ശ്രവിക്കണം. അത് ഒരു മെത്രാന്റെ കടമയാണ്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അത് നടപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- അദ്ദേഹം വ്യക്തമാക്കി.
'സിനഡല്‍' സഭയ്ക്കുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ ഏറ്റെടുത്താണ് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഈ ദൗത്യവുമായി മുന്നോട്ട് പോകുന്നത്. അതായത്, മെത്രാന്മാരും വൈദികരും വിശ്വാസികളും ഉള്‍പ്പെടുന്ന എല്ലാ ദൈവജനങ്ങളും ഒരുമിച്ച് സഞ്ചരിക്കുന്ന അനുഭവത്തിനായി.
'സഭ എന്നത് കേവലം മെത്രാനോ വൈദികരോ സംസാരിക്കുന്നതും സാധാരണ വിശ്വാസികള്‍ അതു കേട്ടിരിക്കുന്നതും മാത്രമല്ലെന്നു പിതാവ് തുടര്‍ന്നു പറഞ്ഞു. നാം സിനഡാലിറ്റിയെ സ്വാഗതം ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും തുല്യമായ ഉത്തരവാദിത്തമുണ്ട്. പൗരോഹിത്യത്തിന് മാത്രമായി ഒരു പങ്കുമില്ല. അതു മാത്രമല്ല അല്‍മായര്‍ക്ക് സഭയില്‍ അതുല്യമായ പങ്കുണ്ട്, അവരെ ശ്രദ്ധിക്കേണ്ടതും ശ്രവിക്കേണ്ടതും എന്റെ കടമയാണ്'.
മാര്‍ ജോണ്‍ പനന്തോട്ടത്തില്‍
തന്റെ ജീവിതം കൂടുതല്‍ ഇന്ത്യയിലാണു ചെലവഴിച്ചതെങ്കിലും ഓസ്ട്രേലിയയിലേക്കുള്ള ഈ നിയമനം ഒരു ഗൃഹാതുരമായ അനുഭവമാണെന്നു മാര്‍ പനന്തോട്ടത്തില്‍ അനുസ്മരിച്ചു.
ബ്രിസ്ബന്‍ അതിരൂപതയില്‍ 2015 മുതല്‍ 2020 വരെ അഞ്ചു വര്‍ഷക്കാലം പിതാവ് സേവനം ചെയ്തിട്ടുണ്ട്. ആ കാലത്ത് അതിരൂപതയിലെ വൈദികരുമായി അടുത്ത് ഇടപെടാന്‍ സാധിച്ചിരുന്നു.
കേരളത്തില്‍ കര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്ന നിലയിലുള്ള തന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ബ്രിസ്ബനിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിലും പിന്നീട് സബര്‍ബന്‍ ഇടവകകളിലും വൈദിക ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് പരിസ്ഥിതി പഠനത്തോടുള്ള അഭിനിവേശത്തില്‍ ഇന്ത്യയിലേക്ക് മടങ്ങി.
'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ 'ലൗദാത്തോ സി' എന്ന ചാക്രിക ലേഖനം തന്നെ വളരെയധികം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതായി മാര്‍ പനന്തോട്ടത്തില്‍ വ്യക്തമാക്കി.
വയനാട്ടിലെ നിരവില്‍പ്പുഴ ഗ്രാമത്തില്‍ കാടിനാല്‍ ചുറ്റപ്പെട്ട 50 ഏക്കറോളം വരുന്ന സി.എം.ഐ സഭയുടെ ആശ്രമ സ്ഥലത്ത് ഒരു പ്രകൃതി പഠന കേന്ദ്രം ആരംഭിക്കാനുള്ള പ്രവൃത്തനങ്ങളില്‍ വ്യാപതനായിരിക്കുമ്പോഴാണ് മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമടങ്ങുന്ന ഓഷ്യാന മുഴുവനിലെയും സിറോ മലബാര്‍ വിശ്വാസികളുടെ ഇടയനാകാനുള്ള ദൈവിക വിളിയെത്തിയത്.
മെല്‍ബണിലെ 'ഒവര്‍ ലേഡി ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്സ്' കല്‍ദായ പള്ളിയില്‍ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നടന്ന
മെത്രാഭിഷേകച്ചടങ്ങിലാണ് മാര്‍ പനംന്തോട്ടത്തില്‍ അഭിഷിക്തനായത്.
'ഈ നിയമനം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് തീര്‍ച്ചയായും എന്റെ തെരഞ്ഞെടുപ്പോ എന്റെ പദ്ധതിയോ ആയിരുന്നില്ല. എന്റെ പിതാക്കന്മാരെ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇതു ദൈവത്തിന്റെ ഇഷ്ടമാണെന്ന് ഞാന്‍ കരുതുന്നു' - മാര്‍ പനംന്തോട്ടത്തില്‍ പറഞ്ഞു
'നമുക്ക് നമ്മുടെ സ്വന്തം ആഗ്രഹങ്ങളും പദ്ധതികളും ഉണ്ടാകും. അതേസമയം അവ എല്ലായ്‌പ്പോഴും ദൈവത്തിന്റെ ഇഷ്ടമായിരിക്കണം എന്നില്ല'.
സെന്‍സസ് കണക്കുകള്‍ പ്രകാരം 2016 നും 2021 നും ഇടയില്‍ ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ സമൂഹം 20 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 13 സിറോ-മലബാര്‍ ഇടവകകളുണ്ട്. ന്യൂസിലന്‍ഡില്‍ 13 മിഷനുകളുണ്ട്. ഓഷ്യാനിയയില്‍ സിറോ-മലബാര്‍ വിശ്വാസികളുണ്ടെങ്കിലും അവിടെ മിഷനുകള്‍ സ്ഥാപിച്ചിട്ടില്ല.
സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ക്കൊപ്പം മാര്‍ ജോണ്‍ പനന്തോട്ടത്തില്‍
'മറ്റ് ചില കുടിയേറ്റ സമൂഹങ്ങളില്‍ ഒന്നോ രണ്ടോ തലമുറകള്‍ക്ക് ശേഷം മതപരമായ വിശ്വാസം കുറയുന്നതായി കാണുമ്പോള്‍, ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ സമൂഹത്തില്‍ ആ പ്രവണതയെ നേരിടാനുള്ള അടിത്തറ പാകിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. നമ്മുടെ ആളുകള്‍ ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഏര്‍പ്പെട്ടിരിക്കുന്നു. മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല സ്വഭാവ രൂപീകരണം നല്‍കുന്നു. എല്ലാ ഞായറാഴ്ചയും കുട്ടികള്‍ക്ക് മതപഠനം നിര്‍ബന്ധമാണ്' - അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളും അമ്മമാര്‍ക്കുള്ള പരിപാടികളും ഉണ്ട്. സിറോ മലബാര്‍ വിശ്വാസികള്‍ പാരമ്പര്യം നിലനിര്‍ത്തുകയും തങ്ങളുടെ വിശ്വാസം കൂടുതല്‍ കരുത്തോടെ ആചരിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
'സിറോ മലബാര്‍ സഭയായാലും ലത്തീന്‍ സഭയായാലും നാമെല്ലാവരും കത്തോലിക്കാ സഭയെ സേവിക്കുന്നു. നമുക്ക് ഊര്‍ജ്ജസ്വലമായ കമ്മ്യൂണിറ്റികളുണ്ട്. യുവാക്കള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവരെല്ലാവരും കത്തോലിക്കാ സഭയെ പൊതുവായി വികസിപ്പിക്കുന്നു. അങ്ങനെ വിശാല സമൂഹത്തിന് നാം ഒരു സാക്ഷ്യം നല്‍കുന്നു'.
മെത്രാനായി നിയമിതനായതോടെ ഇന്ത്യയിലെ പരിസ്ഥിതി പദ്ധതികള്‍ മുടങ്ങിയെങ്കിലും പ്രപഞ്ചത്തോടുള്ള തന്റെ അഭിനിവേശം തുടരുമെന്ന് പിതാവ് പറഞ്ഞു.
'പ്രകൃതിയെ സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം സഭയ്ക്കുണ്ട്. വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്ന് പ്രകൃതിയെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ച് ഭാവി തലമുറകള്‍ക്ക് സന്ദേശം നല്‍കാനുള്ള സമയമാണിത്. നാം പ്രകൃതിയില്‍ ദൈവത്തിന്റെ സാന്നിധ്യം കാണുകയും അവിടുത്തെ സൃഷ്ടി കര്‍മത്തില്‍ പങ്കുചേരുകയും വേണം. ഈ സന്ദേശം യുവ മനസുകളിലേക്ക് എത്തിക്കാന്‍ നാം എല്ലാവര്‍ക്കും പ്രത്യേക ഉത്തരവാദിത്തവും കടമയും ഉണ്ട്' - മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അവസാനമായി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26