കൂടുതല്‍ യുവജനങ്ങളെ വേദപുസ്തകം പഠിക്കാന്‍ ശീലിപ്പിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൂടുതല്‍ യുവജനങ്ങളെ വേദപുസ്തകം പഠിക്കാന്‍ ശീലിപ്പിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

നൂറുമേനി വേദപുസ്തക ക്വിസ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു

ചങ്ങനാശേരി: കൂടുതല്‍ യുവജനങ്ങളെ വേദപുസ്തകം പഠിക്കാന്‍ ശീലിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്‌തോലറ്റിന്റെ ആഭിമുഖ്യത്തില്‍ നൂറുമേനി വേദപുസ്തക ക്വിസിന്റെ മഹാസംഗമവും സമ്മാനദാനവും രണ്ടാം സീസന്റെ പ്രഖ്യാപനവും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചങ്ങനാശേരി അതിരൂപത മറ്റ് രൂപതകള്‍ക്ക് എന്നും മാര്‍ഗദര്‍ശിയാണ്. വലിയ പാരമ്പര്യമുള്ളവരായ നാം ദൈവവചനം പഠിക്കുവാന്‍ അവസരം കണ്ടെത്തുന്നതിലൂടെ വിശ്വാസത്തില്‍ ഒരു പടി കൂടി ഉയരുവാന്‍ കാരണമാകും. ദൈവത്തിന്റെ സംസാരമായ ദൈവവചനം ശ്രവിച്ചു ഹൃദ്യസ്ഥരാക്കുവാന്‍ ശീലിക്കണം. ദൈവവചന പഠനത്തിലൂടെ മാത്രമേ പാരമ്പര്യമുള്ള സഭാ ജീവിതം സാധ്യമാകുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ദൈവവചനം ജീവിതത്തില്‍ പാലിച്ചു പോകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ കൂടിയായ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

ലൗകിക ലോകത്തിലെ ജീവിത പ്രയാസങ്ങളില്‍ തുണയേകുന്നതും കരുത്താകുന്നതും സുവിശേഷമാണെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. ദൈവവചനം പഠിക്കുന്നതിലൂടെ സുവിശേഷം നാവിന്‍തുമ്പില്‍ കൊണ്ട് നടക്കുവാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും, മൂന്നാം സമ്മാനം 10,000 രൂപയും നാലാം സമ്മാനം 5000 രൂപയുമാണ്. സമ്മാനാര്‍ഹര്‍ക്ക് ക്യാഷ് പ്രൈസിനൊപ്പം മംഗളപത്രവും മൊമെന്റോയും നല്‍കി. വിജയികള്‍ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മാനദാനം നിര്‍വഹിച്ചു.

91.5 മാര്‍ക്കോടെ കുട്ടനാട് മേഖലയെ പ്രതിനിധീകരിച്ച കായല്‍പ്പുറം സെന്റ് ജോസഫ് ഇടവകയിലെ കൊച്ചു റാണി സിബിച്ചന്‍ പറപ്പള്ളിയും മക്കളായ എമിലിന്‍ എലിസബത്ത് സിബിയും എല്‍ഡാ ആന്‍ സിബിയും ഒന്നാം സ്ഥാനം നേടി.

65.5 മാര്‍ക്കോടെ രണ്ടാം സ്ഥാനം ചങ്ങനാശേരി മേഖലയെ പ്രതിനിധാനം ചെയ്ത പാറേല്‍ സെന്റ് മേരീസ് ഇടവകയില്‍ കുംഭവേലില്‍ വീട്ടില്‍ റ്റി.പി ജോണ്‍, ഭാര്യ നിര്‍മല ജോണ്‍, മകള്‍ ക്രിസ് ജോണിനുമായിരുന്നു.

60.5 മാര്‍ക്കോടെ മൂന്നാം സ്ഥാനം തെക്കന്‍ മേഖലയെ പ്രതിനിധാനം ചെയ്ത തിരുവനന്തപുരം ജില്ലയിലെ പോങ്ങമൂട് സെന്റ് അല്‍ഫോന്‍സാ ഇടവകയിലെ കുരിശുംമൂട് വീട്ടില്‍ റിട്ട.കേണല്‍ കെ.കെ തോമസും ഭാര്യ ലില്ലി തോമസിനുമാണ്.

നാലാം സ്ഥാനം രണ്ടു ടീമിനായിരുന്നു. നെടുങ്കുന്നം മേഖലയെ പ്രതിനിധീകരിച്ച് മുണ്ടത്താനം സെന്റ് ആന്റണീസ് ഇടവകയില്‍ സിമി സെബാസ്റ്റ്യന്‍ മങ്ങോട്ടും മക്കളായ എല്‍സാ എലിസബത്ത് തോമസ്, എയ്ഞ്ചല്‍ ആന്‍ തോമസും, കോട്ടയം മേഖലയില്‍ നിന്നുള്ള മാന്നാനം 12 അപ്പോസ്തലന്മാരുടെ ഇടവകയില്‍ ഡോ. സുമ ജോസ് മുരിങ്ങാമറ്റവും മക്കളായ മരിയ ജീസും, തെരേസ ജീസും കരസ്ഥമാക്കി. നാലാം സ്ഥാനം നേടിയ ഇരു ടീമും 20 മാര്‍ക്ക് വീതം നേടി.

തനിക്ക് 10 പോയിന്റ് മാത്രമാണ് ലഭിച്ചതെന്ന് ക്വിസ് മാസ്റ്റര്‍ കൂടിയായ പ്രൊഫ. റൂബിള്‍ രാജ് പറഞ്ഞു. തനിക്ക് മാര്‍ക്ക് കുറഞ്ഞത് മത്സരം അത്രത്തോളം കടുത്തതായിരുന്നു എന്നതിന്റെ തെളിവാണെന്ന് വിജയികളെ പരിചയപ്പെടുത്തിയതിന് ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴു വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 18 ഫൊറോന കളിലായി ഏതാണ്ട് 80,000 ത്തില്‍ അധികം പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കുടുംബ കൂട്ടായ്മ, ഇടവക തലം, ഫൊറോന, അതിരൂപത തുടര്‍ന്ന് മെഗാ ഫൈനല്‍ ഇങ്ങനെയായിരുന്നു മത്സരം നടന്നത്.

വ്യക്തിഗതമായി ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കുറുമ്പനാടം സെന്റ് ആന്റണീസ് ഇടവകയില്‍ ലില്ലി ജേക്കബ്ബാണ്. 360 വചനമാണ് എഴുതിയത്. ചമ്പക്കുളം ബസിലിക്കയിലെ സാലിമ കണ്ടെത്തി പറമ്പില്‍ 240 വചനവുമായി രണ്ടാം സ്ഥാനത്ത് വ്യക്തിഗത നേട്ടം കൈവരിച്ചു.

ഫാ. ആന്റണി ഏത്തയ്ക്കാട്, സിബി മാത്യൂസ് ഐ.പി.എസ്, സിനിമ സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി തുടങ്ങിയവര്‍ ആശംസ അറിയിച്ചു.

ചങ്ങനാശേരി എസ്ബി കോളജിലെ കാവുകാട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ കാന്‍ഡില്‍ ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു. വിജയികളുടെ ഗ്രൂപ്പ് ഫോട്ടോ സെക്ഷനും സ്‌നേഹ വിരുന്നോടും കൂടിയാണ് പരിപാടി സമാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26