വത്തിക്കാന്‍ സിറ്റി: ദൈവത്തിലേക്ക് നോക്കാനും നമ്മുടെ ജീവിതങ്ങളെ വിശുദ്ധി, സേവനം, ആനന്ദം എന്നിവയുടെ 'മാസ്റ്റര്‍ പീസുകള്‍' ആക്കാനും യുവ വിശുദ്ധരായ പിയെര്‍ ജോര്‍ജിയോ ഫ്രസാത്തിയുടെയും കാര്‍ലോ അക്യുട്ടിസിന്റെയും മാതൃക നമ്മെ ക്ഷണിക്കുന്നുവെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
പിയെര്‍ ജോര്‍ജിയോ ഫ്രസാത്തിയെയും കാര്‍ലോ അക്യുട്ടിസിനെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിച്ചേര്‍ന്ന എണ്‍പതിനായിരത്തിലധികം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വിശ്വാസം, പ്രത്യാശ, ദൈവത്തിലുള്ള ആശ്രയം എന്നി പുണ്യങ്ങള്‍ക്ക് അസാധാരണമായ വിധത്തില്‍ ഇരുവരും സാക്ഷ്യം വഹിച്ചു എന്ന് ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ ലിയോ പാപ്പ പറഞ്ഞു.
ജ്ഞാനത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള ആദ്യ വായനയെ അനുസ്മരിച്ച പാപ്പാ, സോളമന്‍ രാജാവിനെപ്പോലെ ഈ രണ്ട് യുവ വിശുദ്ധരും ദൈവത്തിന്റെ പദ്ധതികള്‍ ഗ്രഹിക്കാനും വിശ്വസ്തതയോടെ അവ അനുവര്‍ത്തിക്കാനുമുള്ള ജ്ഞാനത്തിന് വേണ്ടിയാണ് തീക്ഷ്ണമായി അന്വേഷിച്ചതെന്നും പറഞ്ഞു. മാത്രമല്ല മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ തങ്ങള്‍ക്ക് ലഭിച്ച ദാനങ്ങള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു.
കര്‍ത്താവിന് നമ്മെത്തന്നെ സമര്‍പ്പിക്കാം
സുവിശേഷ വായനയില്‍ യേശു നമ്മോട് പറയുന്നത്, പൂര്‍ണ ഹൃദയത്തോടെ നമ്മെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനെക്കുറിച്ചാണ്. യുവജനങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ പലപ്പോഴും വഴിത്തിരിവുകള്‍ നേരിടേണ്ടി വരാറുണ്ട്. ഇത് അവരുടെ തിരഞ്ഞെടുപ്പുകളെ ദുഷ്‌കരമാക്കുന്നു. കര്‍ത്താവിനെ അനുഗമിക്കുന്നതിനായി സകലതും ഉപേക്ഷിക്കുകയും തന്റെ പിതാവിന്റെ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ വസ്ത്രങ്ങള്‍ എന്നിവയേക്കാള്‍ ദാരിദ്ര്യത്തെ സ്‌നേഹിക്കുകയും ചെയ്ത അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃക ലിയോ പാപ്പ അനുസ്മരിച്ചു.
പിയെര്‍ ജോര്‍ജിയോ ഫ്രസാത്തി - അല്‍മായരുടെ ആധ്യാത്മിക വഴികാട്ടി
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ച ഇറ്റലിക്കാരനായ ഒരു അല്‍മായനാണ് വിശുദ്ധ പിയെര്‍ ജോര്‍ജിയോ ഫ്രസാത്തി. ദരിദ്രരെ ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കത്തോലിക്കാ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അദേഹം പങ്കെടുത്തു. അദേഹത്തിന്റെ ജീവിതം അല്‍മായര്‍ക്ക് ഒരു മാര്‍ഗദീപമാണ്. വിശ്വാസം എന്നത് അദേഹത്തിന് സ്വകാര്യമായ ഒന്നായിരുന്നില്ല. സഭയുടെ സംഘടനകളിലെ അംഗത്വം വഴി ദരിദ്രരെ ശുശ്രൂഷിക്കുന്നതില്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുകൊണ്ട് അദേഹം വിശ്വാസത്തില്‍ ജീവിക്കുകയായിരുന്നു.
കാര്‍ലോ അക്യുട്ടിസ് - ലളിതമായ വിശുദ്ധിയുടെ സാക്ഷി
നമ്മുടെ കാലഘട്ടത്തിലെ കൗമാരക്കാരനായ വിശുദ്ധ കാര്‍ലോ അക്യുട്ടിസ് യേശുവിനെ കണ്ടുമുട്ടിയത് സ്വന്തം കുടുംബത്തില്‍ നിന്നാണ്. വിശുദ്ധന്റെ മാതാപിതാക്കന്മാരായ ആന്‍ഡ്രിയേയ്ക്കും അന്റോണിയയ്ക്കും നന്ദി! അവരുടെയും കാര്‍ലോയുടെ സഹോദരങ്ങളുടെയും സാന്നിധ്യത്തെ നന്ദിയോടെ അനുസ്മരിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. വളരെയധികം നൈസര്‍ഗികതയോടെ പ്രാര്‍ഥന, കായിക വിനോദങ്ങള്‍, പഠനം, ജീവകാരുണ്യ പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചാണ് കാര്‍ലോ വളര്‍ന്നുവന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹത്തില്‍ വളരണം
അനുദിന ദിവ്യബലി, പ്രാര്‍ത്ഥന, ലളിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകമായി, ദിവ്യകാരുണ്യ ആരാധന, എന്നിവയിലൂടെ ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു വിശുദ്ധരായ പിയെര്‍ ജോര്‍ജിയോ ഫ്രസാത്തിയും കാര്‍ലോ അക്യുട്ടിസും തങ്ങളുടെ ജീവിതത്തിന്റെ മുഖമുദ്രയായി സ്വീകരിച്ചത്. രോഗം ഇരുവരുടെയും ജീവിതത്തെ വെട്ടിച്ചുരുക്കിയെങ്കിലും, ആ അവസ്ഥയിലും അവര്‍ ദൈവത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് പ്രത്യാശയുടെ സാക്ഷികളായി. അതുകൊണ്ടാണ് പിയെര്‍ ജോര്‍ജിയോ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞത്: 'എന്റെ മരണ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരിക്കും; സ്വര്‍ഗം എപ്പോഴും നമ്മെ കാത്തിരിക്കുന്നു. ഇന്നിനെ ഫലദായകമാക്കണമെങ്കില്‍, നാളെയെ നാം സ്‌നേഹിക്കണം' എന്ന് കാര്‍ലോയും പലപ്പോഴും പറയുമായിരുന്നു.
നമ്മുടെ ജീവിതങ്ങളെ മാസ്റ്റര്‍ പീസുകളാക്കുക
ജീവിതം പാഴാക്കി കളയാതെ, ഉന്നതങ്ങളിലുള്ളവയെ ലക്ഷ്യം വച്ചു ജീവിക്കാനാണ് വിശുദ്ധരായ പിയെര്‍ ജോര്‍ജിയോ ഫ്രസാത്തിയും കാര്‍ലോ അക്യുട്ടിസും എല്ലാവരെയും പ്രത്യേകിച്ച്, യുവജനങ്ങളെ ക്ഷണിക്കുന്നതെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.
'ഞാനല്ല, ദൈവമാണ്' എന്ന കാര്‍ലോയുടെ വാക്കുകളും 'നിങ്ങളുടെ പ്രവര്‍ത്തികള്‍ ദൈവത്തെ കേന്ദ്രീകരിച്ചാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും ലക്ഷ്യത്തില്‍ എത്തിച്ചേരും' എന്ന പിയെര്‍ ജോര്‍ജിയോയുടെ വാക്കുകളും ലളിതമെങ്കിലും വിശുദ്ധിയുടെ വിജയകരമായ സൂത്രവാക്യങ്ങളാണെന്ന് ലിയോ പാപ്പാ പറഞ്ഞു.
നമ്മുടെ ജീവിതം
അര്‍ത്ഥ പൂര്‍ണമാക്കുന്നതിനും സ്വര്‍ഗീയ വിരുന്നില്‍ കര്‍ത്താവിനെ കണ്ടുമുട്ടുന്നതിനും വേണ്ടി നാം പിന്തുടരാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സാക്ഷ്യ ജീവിതത്തിന്റെ മാതൃക കൂടിയാണ് അവരുടെ ഈ വാക്കുകളെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.