വത്തിക്കാൻ സിറ്റി: സെപ്റ്റംബർ മാസത്തിലെ ലിയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം പ്രസിദ്ധപ്പെടുത്തി. സൃഷ്ടികളുമായി ബന്ധത്തിലായിരിക്കാൻ പ്രാർഥിക്കുക എന്നതാണ് ഈ മാസത്തെ പ്രാർഥനാ നിയോഗം.
ദൈവത്തിനു പ്രിയപ്പെട്ടവയും സ്നേഹത്തിനും ആദരവിനും അർഹവുമായ സകല സൃഷ്ടികളുമായുള്ള പരസ്പരാശ്രിതത്വം അനുഭവിച്ചറിയാൻ സാധിക്കുന്നതിനായി പ്രാർഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിന് സൃഷ്ടിയുടെ പരിപാലനത്തിനുള്ള പ്രാർത്ഥനാ ദിനവും അന്നു മുതൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാല് വരെ കത്തോലിക്കാ – ഓർത്തഡോക്സ് സഭകളുടെ എക്യുമെനിക്കൽ സംരംഭമായ സൃഷ്ടിയുടെ കാലവും ആചരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ലിയൊ പതിനാലാമൻ പാപ്പ ഈ മാസം സൃഷ്ടികളുമായി ബന്ധത്തിലായിരിക്കാൻ കഴിയുന്നതിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. വി. ഫ്രാൻസിസ് അസീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും പാപ്പ ഈ മാസത്തെ പ്രാർത്ഥനാ നിയോഗത്തിന്റെ ആരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്.
പാപ്പായുടെ പ്രാർത്ഥന
‘കർത്താവേ നീ സൃഷ്ടിച്ച സകലത്തെയും നീ സ്നേഹിക്കുന്നു. നിന്റെ ആർദ്രതയുടെ രഹസ്യത്തിനു പുറത്ത് ഒന്നും നിലനിൽക്കുന്നില്ല. എത്ര ചെറുതാണെങ്കിലും എല്ലാ സൃഷ്ടികളും നിന്റെ സ്നേഹത്തിന്റെ ഫലമാണ്. അവയ്ക്ക് ഈ ലോകത്തിൽ ഒരു സ്ഥാനവുമുണ്ട്. ഏറ്റവും ലളിതമോ ചെറുതോ ആയ ജീവിതം പോലും നിന്റെ കരുതൽ വലയത്തിനുള്ളിലാണ്. അസീസിയിലെ വി. ഫ്രാൻസിസിനെ പോലെ ഇന്ന് ഞങ്ങളും പറയാൻ ആഗ്രഹിക്കുന്നു.”
“എന്റെ കർത്താവേ നീ സ്തുതിക്കപ്പെടട്ടെ!” സൃഷ്ടിയുടെ സൗന്ദര്യത്തിലൂടെ നീ നിന്നെത്തന്നെ നന്മയുടെ ഉറവിടമായി ആവിഷ്ക്കരിക്കുന്നു. ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു. പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നത്തെക്കാൾ അനന്തമായി വലുതാണ് ലോകമെന്ന് എല്ലാ സൃഷ്ടികളോടുമുള്ള നിന്റെ സാമീപ്യത്തിന്റെ രഹസ്യത്തിൽ നിന്ന് പഠിച്ചു കൊണ്ട് നിന്നെ തിരിച്ചറിയാൻ ഞങ്ങളുടെ കണ്ണുകൾ തുറക്കേണമേ. കൃതജ്ഞതയോടും പ്രത്യാശയോടും കൂടി ധ്യാനിക്കേണ്ട ഒരു രഹസ്യമാണിത്.
എല്ലാ സൃഷ്ടികളിലും നിന്റെ സാന്നിധ്യം കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അത് പൂർണ്ണമായി തിരിച്ചറിയുന്നതിലൂടെ ഞങ്ങൾക്ക് എല്ലാ രൂപങ്ങളിലും സാധ്യതകളിലും ജീവനെ പരിപാലിക്കാനും ആദരിക്കാനും സംരക്ഷിക്കാനും നീ ഞങ്ങളെ ക്ഷണിക്കുന്ന ഈ പൊതുഭവനത്തിന്റെ ഉത്തരവാദിത്വം ഉണ്ടെന്ന് ഞങ്ങൾക്ക് അനുഭവപ്പെടുകയും ഞങ്ങൾ അറിയുകയും ചെയ്യട്ടെ. കർത്താവേ നിനക്കു സ്തുതി! ആമ്മേൻ.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.