കുട്ടികള്‍ക്ക് ചുമ മരുന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ശ്രദ്ധ നേടി ഡോക്ടറുടെ കുറിപ്പ്

കുട്ടികള്‍ക്ക് ചുമ മരുന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ശ്രദ്ധ നേടി ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില കഫ് സിറപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ചുമ മരുന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുട്ടികള്‍ക്ക് ചുമയുണ്ടാകുമ്പോള്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ മരുന്ന് നല്‍കാവൂ എന്നും കുറിപ്പില്‍ പറയുന്നു.

മനോജ് വെള്ളനാടിന്റെ കുറിപ്പ്

കുട്ടികളിലെ ചുമയ്ക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ചില കഫ് സിറപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ കുട്ടികളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ട്. ഈ വിഷയത്തില്‍ എനിക്കറിയാവുന്നതും മനസിലായതുമായ ചില കാര്യങ്ങള്‍ മാത്രം പങ്കുവയ്ക്കുന്നു.

1.ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകള്‍ വാങ്ങുന്നത് നമ്മുടെ നാട്ടില്‍ സര്‍വ സാധാരണമാണ്. അത് പാടില്ല. കുട്ടികള്‍ക്ക് ഏത് മരുന്നും നല്‍കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടണം.

2. ചുമയ്ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകള്‍ 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ മുമ്പേ ശുപാര്‍ശ ചെയ്യുന്നത്. മിക്കവാറും ചുമയും ജലദോഷവും സ്വയം മാറും എന്നുള്ളത് കൊണ്ടാണിത്. ചുമ മരുന്നിലെ ചില ഘടകങ്ങള്‍ ഈ പ്രായത്തിലുള്ള കുട്ടികളില്‍ ചില ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കാം.

3. ചുമ രോഗമല്ല, ഒരു രോഗ ലക്ഷണമാണ്. രോഗകാരണത്തെയാണ് ശരിക്കും ചികിത്സിക്കേണ്ടത്. കുഞ്ഞിന് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖം കാരണമുള്ള ചുമയാണെങ്കില്‍ ആ രോഗം മാറാനുള്ള മരുന്ന് കഴിക്കണം. പ്രത്യേകിച്ച് കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ സാധാരണ വൈറല്‍ ഇന്‍ഫെക്ഷനോ ഒക്കെ ആണെങ്കില്‍ വലിയ ചികിത്സ ഒന്നും വേണ്ട. വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചികിത്സകള്‍ തന്നെ മതി.

4. കുഞ്ഞുങ്ങളിലെ ചുമയ്ക്ക് തേന്‍ ഗുണകരമാണെന്ന് ശിശുരോഗ വിദഗ്ദ്ധര്‍ പറയുന്നുണ്ട്. പക്ഷെ അതും ഗുണനിലവാരം നോക്കി ചെറിയ അളവില്‍ മാത്രം ഉപയോഗിക്കണം. മൂക്കടപ്പിനും മൂക്കൊലിപ്പിനും ഉപ്പ് വെള്ളം മൂക്കില്‍ ഇറ്റിക്കുന്നത് ഗുണം ചെയ്യും. അതങ്ങനെ തന്നെ വാങ്ങാനും കിട്ടും. സ്‌പ്രേ ആയിട്ടും. ആവി പിടിക്കാന്‍ പറ്റുമെങ്കില്‍ അതുമാകാം, പക്ഷെ കുട്ടികളില്‍ ചിലപ്പോ പ്രയാസമായിരിക്കും.

5. പലപ്പോഴും പാരന്റല്‍ പ്രഷര്‍ കാരണമാണ് പീഡിയാട്രിക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള മരുന്നെഴുതാന്‍ നിര്‍ബന്ധിതര്‍ ആവുന്നത്. ഒരു ഡോക്ടറെ കാണിച്ച് കുഴപ്പമില്ലാ മരുന്ന് വേണ്ടാ എന്ന് പറഞ്ഞാലും ചുമ മാറാത്തത് കാരണം പിറ്റേന്ന് ആ ഡോക്ടറെയോ മറ്റൊരു ഡോക്ടറെയോ കാണും. ഡോക്ടര്‍മാര്‍ക്ക് വേറെ ഓപ്ഷനില്ലാതാവും. മറ്റ് രോഗാവസ്ഥ ഒന്നുമില്ലെങ്കില്‍ കുറച്ച് ദിവസം ക്ഷമിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല.

6. സാധാരണയായി വിപണിയില്‍ ലഭ്യമായ കഫ് സിറപ്പുകള്‍ ഒരൊറ്റ മരുന്നല്ല. പലതരം ഘടകങ്ങള്‍ അഥവാ മരുന്നുകളുടെ ഒരു കോക്ക്‌ടെയ്ല്‍ ആണ്. ഓരോ ഘടകവും ചുമ, കഫക്കെട്ട്, അലര്‍ജി എന്നിങ്ങനെ പല അവസ്ഥകള്‍ കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അവയ്‌ക്കൊക്കെ കൃത്യമായ അളവും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചില ഘടകങ്ങളുടെ അമിത ഉപയോഗവും, മരുന്നുകളിലെ മായം ചേര്‍ക്കലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

7. കഫ് സിറപ്പുകളിലെ പ്രധാന ഘടകങ്ങള്‍ ഇവയാണ്. a) Antitussives (ഉദാ: Dextromethorphan (DM) - തലച്ചോറിലെ ചുമയെ നിയന്ത്രിക്കുന്ന കേന്ദ്രത്തെ (Cough Center) മന്ദീഭവിപ്പിച്ച് ചുമ കുറയ്ക്കുന്നു. ഇത് വരണ്ട ചുമ അഥവാ കഫമില്ലാത്ത ചുമയ്ക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്.
b) Expectorants (ഉദാ: Guaifenesin)- ശ്വാസകോശത്തിലെ കഫം നേര്‍പ്പിച്ച് അത് എളുപ്പത്തില്‍ പുറത്തുകളയാന്‍ സഹായിക്കുന്നു. ഇത് കഫക്കെട്ടുള്ള ചുമ ഉള്ളപ്പോള്‍ ഉപയോഗിക്കുന്നു. c) Antihistamines (ഉദാ: Chlorpheniramine, Diphenhydramine) - അലര്‍ജി മൂലമുള്ള തുമ്മല്‍, മൂക്കൊലിപ്പ്, കഫത്തിന്റെ അളവ് എന്നിവ കുറയ്ക്കുന്നു. ഇവയില്‍ ചിലത് മയക്കത്തിന് കാരണമാകും. d) Decongestants (ഉദാ: Pseudoephedrine, Phenylephrine)- മൂക്കിലെയും സൈനസുകളിലെയും മറ്റും രക്തക്കുഴലുകള്‍ ചുരുക്കി, മൂക്കടപ്പ് കുറയ്ക്കാനും കഫത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. e) Sweeteners and Solvents (ഉദാ: Glycerin, Propylene Glycol) - മരുന്നിന് മധുരം നല്‍കാനും, മരുന്നിലെ സജീവ ഘടകങ്ങളെ ലയിപ്പിക്കാനും ഉപയോഗിക്കുന്നവ.

8. ഇതില്‍ Dextromethorphan എന്ന മരുന്ന് 4 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല. സാധാരണ പീഡിയാട്രിക് കഫ് സിറപ്പുകളില്‍ അതുണ്ടാവാറില്ല. 4 വയസിന് മുകളില്‍ ആണെങ്കിലും ഒഴിവാക്കുകയാണ് നല്ലത്.

9. രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായ ദുരന്തത്തിലെ വില്ലനായി ഇപ്പോള്‍ സംശയിക്കുന്നത് ഈ Dextromethorphan ഓവര്‍ഡോസ് ആണെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നത്. എന്നാലും ഇത്രയും വലിയ ദുരന്തം എങ്ങനെ എന്നത് മനസിലാവുന്നില്ല.

10. ഡോക്ടറെ കാണാതെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് 'ചേട്ടാ,ചുമയ്ക്കുള്ള സിറപ്പ്' എന്ന് പറഞ്ഞ് വാങ്ങുമ്പോള്‍ കിട്ടുന്നത് ഇതുകൂടി അടങ്ങിയ സിറപ്പാവാം. വീട്ടില്‍ വേറാര്‍ക്കെങ്കിലും വാങ്ങിയ പഴയ സിറപ്പ് കുട്ടിയ്ക്ക് കൊടുക്കുമ്പോഴും ഈ റിസ്‌കുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക.

11. മേല്‍ സൂചിപ്പിച്ച (Point No.7, e) Glycerine/ Propylene glycol തുടങ്ങിയ സുരക്ഷിതമായ ഘടകങ്ങള്‍ക്ക് പകരം ചില മരുന്നു കമ്പനികള്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (Diethylene Glycol - DEG) / എഥിലീന്‍ ഗ്ലൈക്കോള്‍ (Ethylene Glycol - EG) ഒക്കെ ഉപയോഗിക്കും. വിലകുറഞ്ഞതും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളതുമായ വിഷാംശമുള്ള ഈ രാസവസ്തുക്കള്‍ ചേര്‍ന്നാലും വലിയ അപകടമുണ്ടാകും. ലോകത്ത് പലയിടത്തും നിരവധി ദുരന്തങ്ങള്‍ ഈയൊരൊറ്റ വസ്തു കാരണം ഉണ്ടായിട്ടുണ്ട്.

12. തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് തദ്ദേശീയമായ ഒരു മരുന്ന് കമ്പനിയുടെ ഒരു കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്. അതിന് കാരണം ഇപ്പോള്‍ പറഞ്ഞ Diethylene glycol ചേര്‍ത്ത സിറപ്പ് പുറത്തിറക്കിയത് കൊണ്ടാണ്. ഇതുപോലെ കരിമ്പട്ടികയില്‍ പെടുത്തിയ മറ്റൊരു കമ്പനി ആണത്രേ രാജസ്ഥാന്‍ സംഭവത്തിന് പിന്നിലും!

13. മരുന്ന് കമ്പനികള്‍, സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുമാര്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാവരും അവരവരുടെ ലെവലില്‍ ജാഗ്രത പാലിക്കേണ്ട ഒരു വിഷയമാണിത്. കുഞ്ഞിന് ആവശ്യമില്ലെങ്കില്‍ മരുന്ന് കൊടുക്കാതിരിക്കാന്‍ പാരന്റ്‌സും മരുന്ന് എഴുതാതിരിക്കാന്‍ ഡോക്ടര്‍മാരും ജാഗ്രത്താവണം. ഡോക്ടര്‍ എഴുതുന്ന മരുന്ന് തന്നെ കൊടുക്കാന്‍ ഫാര്‍മസിസ്റ്റുമാരും ശ്രദ്ധിക്കണം. വിപണിയില്‍ കിട്ടുന്ന മരുന്നിന്റെ നിലവാരം ഉറപ്പാക്കേണ്ടത് ഡ്രഗ് കണ്ട്രോളറാണ്. രാജസ്ഥാനിലെ കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തത്രേ..

14. മോഡേണ്‍ മെഡിസിന്‍ മരുന്നുകളില്‍ എന്തൊക്കെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നറിയാവുന്നത് കൊണ്ടാണ് കൃത്യമായി ഇങ്ങനെ കാര്യങ്ങള്‍ പറയാന്‍ പറ്റുന്നത്. എന്നാല്‍ വിപണിയില്‍ ധാരാളം മറ്റ് കഫ് സിറപ്പുകളും കിട്ടും. എന്താണ് ആക്റ്റീവ് ഇന്‍ഗ്രഡിയന്റ് എന്നറിയാത്ത അവ വാങ്ങി കഴിച്ച് പ്രശ്‌നമായാല്‍ എന്താണ് ശരിക്കും കാരണമെന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ വരാം. സന്ദര്‍ഭവശാല്‍ പറഞ്ഞെന്ന് മാത്രം.ഹയ്യോ! എഴുതി എഴുതി എനിക്ക് ചുമ പിടിക്കും. ഞാന്‍ പോയി വല്ല കരിപ്പട്ടി കാപ്പിയും കിട്ടുമോന്ന് നോക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.