അമേരിക്കൻ മാധ്യമ രംഗത്തെ മലയാള ശബ്ദം; സമകാലിക വിഷയങ്ങളിൽ ഇടപെട്ട് ഇൻഡ്യ പ്രസ്സ് ക്ലബ് മുന്നേറുന്നു

അമേരിക്കൻ മാധ്യമ രംഗത്തെ മലയാള ശബ്ദം; സമകാലിക വിഷയങ്ങളിൽ ഇടപെട്ട് ഇൻഡ്യ പ്രസ്സ് ക്ലബ് മുന്നേറുന്നു

ന്യൂജേഴ്സി: ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്തര്‍ദേശീയ മീഡിയാ കോണ്‍ഫറന്‍സും അവാർഡ് നൈറ്റും ഒക്ടോബോര്‍ 9, 10, 11 തിയതികളില്‍ ന്യൂജേഴ്‌സി-എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടൽ സമുച്ചയത്തിൽ അരങ്ങേറും. മനോരമയിൽ നിന്ന് ജോണി ലൂക്കോസ് (ഡയറക്ടർ), 24ൽ നിന്ന് ഹാഷ്മി താജ് ഇബ്രാഹിം( സീനിയർ ന്യൂസ് എഡിറ്റർ), ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് അബ്ജോദ് വർ​ഗീസ്( ന്യൂസ് എഡിറ്റർ), റിപ്പോർട്ടറിൽ നിന്ന് സുജയ പാർവതി( കോർഡിനേറ്റിങ് എഡിറ്റർ), ന്യൂസ് 18 കേരളയിൽ നിന്ന് ലീൻ ബി ജെസ്മാസ്(കൺസൾട്ടിങ് എഡിറ്റർ) തടങ്ങി മാധ്യമ രം​ഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

അമേരിക്കയിലെ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമായി ഇൻഡ്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐ.പി.സി.എൻ.എ). അമേരിക്കയിലെ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി മുന്നേറ്റം തുടരുകയാണ് ഇൻഡ്യ പ്രസ്സ് ക്ലബ്‌. മാധ്യമരംഗത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഐ.പി.സി.എൻ.എ ഇന്ന് അമേരിക്കയിലെയും കാനഡയിലെയും നിരവധി നഗരങ്ങളിൽ ചാപ്റ്ററുകൾ സ്ഥാപിച്ച് പ്രവർത്തനം വിപുലീകരിച്ചിരിക്കുകയാണ്.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാനമായ വളർച്ചകളും പ്രവാസ ജീവിതത്തിലെ വെല്ലുവിളികളും, നാടിൻറെ തനിമയോട് ചേർന്ന് മനസിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന മാധ്യമ വേദിയായി ഇൻഡ്യ പ്രസ്സ് ക്ലബ് മാറി. അമേരിക്കയിലുടനീളം ചിതറിക്കിടക്കുന്ന മലയാളി മാധ്യമ പ്രവർത്തകർക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ ആത്മ വിശ്വാസം നൽകുന്ന ഇടമായി ഈ സംഘടന മാറിയിട്ടുണ്ട്.

ഐ.പി.സി.എൻ.എയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ ഇതിനോടകം സംഘടിപ്പിച്ച ദേശീയ മാധ്യമ സമ്മേളനങ്ങൾ സംഘാടക മികവിലും, നാട്ടിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിലും, വിവിധ പ്രഭാഷണങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും വ്യത്യസ്തതയിലും ശ്രദ്ധേയങ്ങളായി മാറി. മാധ്യമ രംഗത്തെ പുതിയ തലമുറയ്ക്കും പ്രവാസി മാധ്യമപ്രവർത്തകർക്കും ആ സംഭാവനകൾ പ്രചോദനമായി.

ലോക മാധ്യമ രംഗം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും സംഘടന വേദികളിലൂടെ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്.
വിവര സാങ്കേതികതയുടെ വളർച്ചയോടെ അച്ചടി മാധ്യമങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പത്രങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറാൻ ശ്രമിക്കുമ്പോഴും പലതും പിടിച്ച് നിൽക്കാൻ പാടുപെടുകയാണ്. മാധ്യമ മൂല്യങ്ങളും ധാർമികതയും നിലനിർത്താനുള്ള വെല്ലുവിളികൾ ഇന്നത്തെ വാർത്താവിനിമയ ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ്.

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ, എഴുത്തിന്റെയും പ്രതികരണത്തിന്റെയും ശക്തി കൈവശമുള്ള ഓരോ വ്യക്തിയും തന്നെ മാധ്യമപ്രവർത്തകനാകുന്ന സാഹചര്യമാണുള്ളത്. സോഷ്യൽ മീഡിയ വേദികളിലൂടെ ജനങ്ങൾ നേരിട്ട് പ്രതികരിക്കുന്നതും അഴിമതിക്കും സാമൂഹ്യ വിപത്തുകൾക്കും എതിരെ സജീവമായ പൊതുജന നിലപാട് ഉയരുന്നതുമാണ് പുതിയ ജെൻസി വിപ്ലവങ്ങളുടെ അടിസ്ഥാനം. ഇതിന്റെ വെളിച്ചത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളാകാതെ ജനാധിപത്യത്തിന്റെ കാവൽക്കാരായിത്തീരേണ്ടത് അനിവാര്യമാണ്.

ആരംഭകാലം മുതൽ ഇന്നുവരെ ഐ.പി.സി.എൻ.എയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകിയവർ സംഘടനയുടെ വളർച്ചയുടെ പാത നിർണ്ണയിച്ചവർ ആയിരുന്നു. ഓരോ ഭരണ സമിതിയും നേതൃത്വമികവിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മികച്ച മാതൃകകളായി മാറിയതുകൊണ്ടാണ് ഇന്നത് നാട്ടിലേക്കും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായി മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.