സാറ മുല്ലാലി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; വനിത പരമാധികാരി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യം

സാറ മുല്ലാലി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്;  വനിത പരമാധികാരി  ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യം

ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടണിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുത്തു. 2018 മുതല്‍ ലണ്ടന്‍ ബിഷപ്പിന്റെ പദവി വഹിക്കുന്ന സാറ മുല്ലാലിയ്ക്കാണ് (63) ഈ ചരിത്ര നിയോഗം.

471 വര്‍ഷം പഴക്കമുള്ള സഭയില്‍ ആദ്യമായാണ് ഒരു വനിതാ ബിഷപ്പ് പരമാധികാരിയായി നിയമിക്കപ്പെടുന്നത്. ബ്രിട്ടനിലെ രാജാവായ ചാള്‍സ് മൂന്നാമനാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

വരുന്ന മാര്‍ച്ചില്‍ കാന്റര്‍ബറി കത്തീഡ്രലില്‍ സാറ മുല്ലാലിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. ആഗോള തലത്തില്‍ 8.5 കോടി വിശ്വാസികളുള്ള ആംഗ്ലിക്കന്‍ സഭയുടെ ആത്മീയ നേതാവായി മാറുകയാണ് മുന്‍ നഴ്‌സായ സാറ മുല്ലാലി.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന ജസ്റ്റിന്‍ വില്‍ബി സ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷ സ്ഥാനത്തേക്ക് സാറയെ തിരഞ്ഞെടുത്തത്. 106-ാമത്തെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായാണ് അവര്‍ സ്ഥാനമേല്‍ക്കുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരിയായാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് അറിയപ്പെടുന്നത്. ലോകത്താകമാനമുള്ള ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ ആത്മീയ ഗുരുവാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്. ഇന്ത്യയിലെ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധമുള്ള സഭകളാണ്.

ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ 35 വര്‍ഷം നേഴ്സായി ജോലി ചെയ്ത അവര്‍ 1999 ല്‍ 37-ാമത്തെ വയസില്‍ ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസറായി നിയമിക്കപ്പെട്ടു. ഈ ഉന്നത പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സാറ മുല്ലാലി. 2001 ലാണ് സാറ വൈദിക വൃത്തിയിലേക്ക് തിരിഞ്ഞത്. 2018 ല്‍ ബിഷപ്പായി നിയമിതയായി.

അതേസമയം സാറയുടെ നിയമനത്തിനെതിരെ വനിതാ ബിഷപ്പുമാരെ എതിര്‍ക്കുന്ന കണ്‍സര്‍വേറ്റീവ് ആംഗ്ലിക്കന്‍ ഗ്രൂപ്പുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടിണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.