തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിച്ച് കേരളം. അഭിനയകലയോടും സിനിമയെന്ന മാധ്യമത്തോടുമുള്ള മോഹന്‍ലാലിന്റെ ആത്മാര്‍ഥതയും അര്‍പ്പണ ബോധവും പുതുതലമുറ മാതൃകയാക്കണമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അതിരുകള്‍ കടന്നും ഈ അഭിനയവിസ്മയം സഞ്ചരിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നടയിലും മോഹന്‍ലാല്‍ അഭിനയിച്ചു. ഒരേസമയം നല്ല നടനും ജനപ്രീതിയുള്ള നടനുമായിരിക്കുകയെന്നത് എളുപ്പമല്ല. മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അത് സാധിക്കുന്നു. അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഇതിഹാസ താരം മോഹന്‍ലാലിനെ അനുമോദനം അറിയിക്കുന്നു. കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അദേദ്ദഹത്തിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടം. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയില്‍ അര നൂറ്റാണ്ടായി മോഹന്‍ലാല്‍ ഉണ്ട്ു. അയല്‍പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും ആ ആദരവ് മോഹന്‍ലാലിന് നല്‍കുന്നു. വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര നൂറ്റാണ്ടുകാലത്തെ മലയാളിയുടെ സിനിമ ആസ്വാദനത്തില്‍ ഏറ്റവും സൂക്ഷ്മമായി മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. നിത്യ ജീവിതത്തില്‍ ഇടയ്ക്കെല്ലാം മോഹന്‍ലാല്‍ ആയി പോവുക എന്നത് പോലും ചില മലയാളികളുടെ ശീലമായി. നടപ്പിലും ഇരുപ്പിലും നോട്ടത്തിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങള്‍ ഇല്ല. മലയാളിയുടെ അപര വ്യക്തിത്വതമാണ് മോഹന്‍ലാല്‍ എന്ന് എഴുതിയത് വെറുതെയല്ല. പ്രായഭേദമന്യേ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു.
ഇരുവറിലെ എംജിആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്. ദക്ഷിണേന്ത്യയിലെ പാന്‍ ഇന്ത്യന്‍ റീച്ചുള്ള സൂപ്പര്‍താരമായി മോഹന്‍ലാല്‍ മാറി. വന്‍ വിജയങ്ങളിലൂടെ മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിര്‍ത്തുകയാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.