കൊച്ചി: ഭാരതത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് വിവിധ തലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പൊതു സമൂഹത്തെയും പ്രത്യേകമായി ക്രൈസ്തവ സമുദായത്തെയും രൂക്ഷമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വനം മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂര്‍ മുതല്‍ അമല്‍ജ്യോതി വരെ വ്യത്യസ്തങ്ങളായ ഭീഷണികളും ആക്രമണങ്ങളും ക്രൈസ്തവരുടെ സമാധാനപരമായ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
സമുദായത്തിന്റെ പ്രധാന ഉപജീവന മാര്‍ഗമായ കാര്‍ഷിക മേഖലയിലെ എല്ലാ ഉല്‍പ്പന്നങ്ങളും രൂക്ഷമായ വിലത്തകര്‍ച്ചയാണ് നേരിടുന്നത് . രൂക്ഷമായ വന്യമൃഗ ശല്യവും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍മൂലവും നിരവധി കര്‍ഷകര്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിട്ടും സര്‍ക്കാരുകള്‍ തികഞ്ഞ നിഷേധാല്‍മക സമീപനങ്ങള്‍ സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രാജ്യ വ്യാപകമായി കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ എല്ലാ രൂപതാ സമിതികളുടെയും നേതൃത്വത്തില്‍ ജൂലൈ രണ്ട്, ജൂലൈ ഒന്‍പത് തീയതികളില്‍ എല്ലാ ഇടവകകളിലും ഒപ്പ് ശേഖരണം നടത്തും. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പിലും ഡല്‍ഹി പാര്‍ലമെന്റിനു മുന്‍പിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും. അഞ്ച് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി തയ്യാറാക്കുന്നതിനും പ്രതിഷേധ പരിപാടികള്‍ക്കും വൈസ് പ്രസിഡന്റ് ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ കണ്‍വീനറായി കമ്മറ്റി രൂപീകരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, ട്രെഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. കെ.എം ഫ്രാന്‍സീസ്, ഡോ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.