ഗവേഷണത്തിനായി സമുദ്രത്തിനടിയില്‍ ഒറ്റയ്ക്ക് 100 ദിവസം; ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ പ്രൊഫസർ

ഗവേഷണത്തിനായി സമുദ്രത്തിനടിയില്‍ ഒറ്റയ്ക്ക് 100 ദിവസം; ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ പ്രൊഫസർ

ഫ്‌ളോറിഡ: സമുദ്രത്തിനടിയില്‍ നൂറ് ദിവസങ്ങള്‍ ഒറ്റയ്ക്കു ചെലവഴിച്ച യൂണിവേഴ്സിറ്റി പ്രഫസര്‍ സ്വന്തമാക്കിയത് ലോക റെക്കോര്‍ഡ്. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് അധ്യാപകന്‍ വെള്ളത്തിനടിയിലെ ഹോട്ടലില്‍ താമസിച്ചത്. സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാല പ്രൊഫസറും അമേരിക്കന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ ഡോ. ജോസഫ് ഡിറ്റൂരിയാണ് അപൂര്‍വ നേട്ടം കൈവരിച്ചത്. മൂന്ന് മാസം നീണ്ട ഗവേഷണത്തിനൊടുവില്‍ ഇന്നലെയാണ് അദ്ദേഹം സമുദ്രത്തില്‍ നിന്ന് പുറത്തുവന്നത്. മാര്‍ച്ച് ഒന്നിനാണ് ഡിറ്റൂരി ഗവേഷണം ആരംഭിച്ചത്.


താമസം 'അണ്ടര്‍സീ ലോഡ്ജില്‍'

സമുദ്രത്തിന്റെ അടിത്തട്ടില്‍ 30 അടി താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ അണ്ടര്‍വാട്ടര്‍ ഹോട്ടലായ ജൂള്‍സ് അണ്ടര്‍സീ ലോഡ്ജിലായിരുന്നു അദ്ദേഹം നൂറ് ദിവസം ചെലവഴിച്ചത്. സ്‌കൂബ ഡൈവിംഗിലൂടെ അല്ലാതെ ഈ ഹോട്ടലില്‍ എത്തിച്ചേരാനോ താമസിക്കാനോ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

1986ല്‍ ആണ് ജൂള്‍സ് അണ്ടര്‍സീ ലോഡ്ജ് തുടങ്ങിയത്. വിഖ്യാതമായ 20000 ലീഗ്‌സ് അണ്ടര്‍ ദ സീ എന്ന നോവലെഴുതിയ ഷൂള്‍സ് വേണിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത്. സ്‌കൂബ ഡൈവിങ് സര്‍ട്ടിഫിക്കേഷനുള്ളവര്‍ക്കു മാത്രമാണ് ഇവിടെയെത്തി താമസിക്കാന്‍ സാധിക്കുക. 1970ല്‍ പ്യൂര്‍ട്ടോ റിക്കോയില്‍ യുഎസ് നടത്തിയിരുന്ന ലാ ചുല്‍പ സമുദ്രാന്തര ലബോറട്ടറി പരിഷ്‌കരിച്ചാണ് ഷൂള്‍സ് അണ്ടര്‍ സീ ലോഡ്ജ് സ്ഥാപിച്ചത്. 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ക്യാപ്‌സ്യൂളിലാണ് ജോസഫ് ഡിറ്റൂരി താമസിച്ചത്.



30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തനത്തിലുള്ള ഈ ഹോട്ടലില്‍ ഇതുവരെ പതിനായിരത്തോളം ആളുകള്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും വളരെ ദൈര്‍ഘ്യം കുറഞ്ഞ താമസങ്ങളായിരുന്നു. ഡിറ്റൂരിയെപ്പോലെ നീണ്ട നാള്‍ താമസിച്ചവര്‍ കുറവാണ്. ഏകദേശം മൂന്ന് മാസവും ഒമ്പത് ദിവസവും ആണ് വെള്ളത്തിനടിയില്‍ തികച്ചത്. സമുദ്രത്തിന്റെ അടിവശം പോലുള്ള ദുഷ്‌കരമായ പരിതസ്ഥിതികള്‍ മനുഷ്യരുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാനുള്ള പ്രോജക്ട് നെപ്ട്യൂണ്‍ പദ്ധതിയുടെ ഭാഗമായാണ് ഡിറ്റൂരി ഇവിടെയെത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്.

അതിനു മുന്‍പ് 2014-ലാണ് സമാനമായ രീതിയില്‍ റെക്കോര്‍ഡ് സ്ഥാപിക്കപ്പെട്ടത്. അന്ന് രണ്ട് ടെന്നസി പ്രൊഫസര്‍മാര്‍ ചേര്‍ന്ന് സ്ഥാപിച്ച 73 ദിവസവും രണ്ട് മണിക്കൂറും 34 മിനിറ്റും എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ഡോ. ജോസഫ് ഡിറ്റൂരി തകര്‍ത്തിരിക്കുന്നത്.

'ഡോ. ഡീപ് സീ' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഡോ. ജോസഫ് ഡിറ്റൂരി ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ സൗത്ത് ഫ്ളോറിഡ സര്‍വകലാശാലയിലെ അധ്യാപകനാണ്.

എന്നാല്‍ റെക്കോഡിന് വേണ്ടിയല്ല ഈ ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് ഡിറ്റൂരി പറയുന്നു. വെള്ളത്തിനടിയില്‍ ഒറ്റപ്പെട്ട, പരിമിതമായ, അവസ്ഥയില്‍ മനുഷ്യന്റെ സഹിഷ്ണുത എത്രത്തോളമെന്ന് പരിശോധിക്കുന്നതിനാണ് ഗവേഷണം നടത്തിയത്. മനുഷ്യ ശരീരവും മനസും തീവ്രമായ സമ്മര്‍ദ്ദത്തോടും ഒറ്റപ്പെട്ട അന്തരീക്ഷത്തോടും എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാനും ലക്ഷ്യമിട്ടിരുന്നു. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ സമുദ്ര ഗവേഷകര്‍ക്കും ബഹിരാകാശയാത്രികര്‍ക്കും ഇത് പ്രയോജനപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.



  1. വെളളത്തിനടിയിലെ ഉയര്‍ന്ന സമ്മര്‍ദ്ദം മനുഷ്യരെ കൂടുതല്‍ കാലം ജീവിക്കാനും വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാനും സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി സൗത്ത് ഫ്‌ളോറിഡ യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഒരു പത്രക്കുറിപ്പാണ് ഡിറ്റൂരിയെ ഈ ദൗത്യത്തിലേക്ക് നയിച്ചത്. വെള്ളത്തിനടിയിലെ സമ്മര്‍ദ്ദം കാരണം ഡിറ്റൂരിയുടെ വണ്ണം അര ഇഞ്ച് കുറഞ്ഞുവെന്ന് കണ്ടെത്തി. കൂടാതെ ഉറക്കം, കൊളസ്‌ട്രോളിന്റെ അളവ് എന്നിവയിലും ഗണ്യമായ മാറ്റം വന്നതായും കണ്ടെത്തി.

    ഡിറ്റൂരിയും അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘവും ദൗത്യത്തിന് മുമ്പും ശേഷവുമുള്ള ഡാറ്റ വിശകലനം ചെയ്യുമെന്നും നവംബറില്‍ സ്‌കോട്ട്ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് എക്സ്ട്രീം മെഡിസിന്‍ കോണ്‍ഫറന്‍സില്‍ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.