കീവ്: ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിയ പട്ടണത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പതിനൊന്ന് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്ൻ അധികൃതർ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ ഡ്രോൺ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു.
അതേ സമയം റഷ്യ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ക്രൈവി റിയയിലുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന അഞ്ച് നില അപ്പാർട്ട്മെന്റിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. റഷ്യൻ സേനക്കെതിരായ ഉക്രെയ്നിന്റെ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് റഷ്യയുടെ ഏറ്റവും പുതിയ ആക്രമണം. പ്രത്യാക്രമണത്തിൽ ഏഴ് പ്രദേശങ്ങൾ ഇതിനകം പിടിച്ചെടുത്തതായാണ് ഉക്രെയ്ന്റെ അവകാശവാദം.
ഡൊനെസ്ക് മേഖലയിലെ പിടിച്ചെടുത്ത ഗ്രാമത്തിന്റെ ദൃശ്യങ്ങൾ ഉക്രെയ്ൻ സായുധ സേന പുറത്തുവിട്ടു. യുദ്ധം ശക്തമാണെങ്കിലും തങ്ങൾ നിർണായകമായ മുന്നേറ്റം നടത്തിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തിങ്കളാഴ്ച രാത്രി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
അതിനിടെ റഷ്യയുടെ ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ മേജർ ജനറൽ സെർജി ഗോറ്യച്ചേവ് ഉക്രെയ്നിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രശസ്ത റഷ്യൻ സൈനിക ബ്ലോഗർ യൂറി കോട്ടെനോക് റിപ്പോർട്ട് ചെയ്തു. എന്നാൽ, റഷ്യൻ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്നിനു നൽകിയ സൈനിക വാഹനങ്ങളിൽ 25–30% നശിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.