സംസ്‌കൃത സര്‍വകലാശാല യുവജനോത്സവ സംഘാടക സമിതിയില്‍ ആര്‍ഷോ; റോജി എം. ജോണ്‍ എംഎല്‍എ പിന്മാറി

സംസ്‌കൃത സര്‍വകലാശാല യുവജനോത്സവ സംഘാടക സമിതിയില്‍ ആര്‍ഷോ; റോജി എം. ജോണ്‍ എംഎല്‍എ പിന്മാറി

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല യുവജനോത്സവത്തിന്റെ സംഘാടക സമിതിയില്‍നിന്ന് റോജി എം. ജോണ്‍ എംഎല്‍എ പിന്മാറി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ സംഘാടകസമിതി രക്ഷാധികാരിയാക്കിയതിൽ പ്രതിഷേധിച്ചാണ് സ്ഥലം എംഎല്‍എ കൂടിയായ റോജിയുടെ പിന്മാറ്റം. 

ചൊവ്വാഴ്ച തുടങ്ങിയ കലോത്സവത്തില്‍ സ്ഥലം എംപിയെ ഒഴിവാക്കിയാണ് ആർഷോയെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവിനേയും ഉള്‍പ്പെടുത്തിയത്. ഇതോടെ കലോത്സവം രാഷ്ട്രീയവത്കരിച്ചെന്ന് റോജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല തന്നെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യാതൊരു മാനദണ്ഡവും കൂടാതെ രാഷ്ട്രീയതാത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംഘാടക സമിതി രൂപവത്കരിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും, സിപിഎം ഏരിയാ സെക്രട്ടറിയും മറ്റ് നേതാക്കളും എന്ത് അടിസ്ഥാനത്തിലാണ് സമിതിയുടെ ഭാഗമായത് എന്ന് മനസ്സിലാവുന്നില്ല. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടുത്താതെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടത്തിയെന്നും റോജി ചൂണ്ടിക്കാട്ടി.

'ഒരു പെണ്‍കുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും പരീക്ഷ എഴുതാതെ പാസാകുന്നതുമൊക്കെ ഒരു സര്‍വകലാശാല യുവജനോത്സവത്തിന്റെ സംഘാടക സമിതിയുടെ രക്ഷാധികാരിയാകാന്‍ വേണ്ട 'ക്വാളിഫിക്കേഷന്‍' ആണെന്ന് അറിഞ്ഞില്ല. എന്തായാലും അത്തരം ക്വാളിഫിക്കേഷന്‍ എനിക്ക് ഇല്ലാത്തത് കൊണ്ടും എല്ലാവരെയും ഒന്നിപ്പിച്ചു നാടിന്റെ ഉത്സവമായി നടത്തേണ്ട സര്‍വകലാശാല കലോത്സവം രാഷ്ട്രീയവത്കരിച്ചതിലും പ്രതിഷേധിച്ച് കലോത്സവ സംഘാടക സമിതിയില്‍ നിന്നും വിട്ടുനില്‍ക്കുന്നു'- ഇതായിരുന്നു റോജിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.