വരുന്നു കൊല്‍ക്കത്ത-ബാങ്കോക്ക് ഹൈവേ; നാല് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായേക്കും

വരുന്നു കൊല്‍ക്കത്ത-ബാങ്കോക്ക് ഹൈവേ; നാല് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായേക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മ്യാന്‍മാര്‍ വഴി തായ്ലന്‍ഡിലേക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. ഒന്നിലധികം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതി ഗതാഗതത്തിനും വ്യാപാരത്തിനും മുതല്‍ക്കൂട്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 2002 ഏപ്രില്‍ മാസത്തില്‍ യാങ്കൂണില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം രൂപപ്പെട്ടത്. ഇന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ശ്രമത്തെയാണ് പദ്ധതി പ്രതിനിധീകരിക്കുന്നത്.

രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേയ്ക്ക് തടസമില്ലാത്ത യാത്രയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ ഹൈവേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവില്‍ രാജ്യങ്ങള്‍ വ്യക്തമാക്കി.

ഏകദേശം 1,360 കി.മീ (850 മൈല്‍) ദൈര്‍ഘ്യമുള്ള നാലുവരി പാതയായിരിക്കും ഇത്. പദ്ധതി ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി കരമാര്‍ഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തടസമില്ലാത്ത ഗതാഗതത്തിനും ഈ മേഖലയിലെ വ്യാപാരവും വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച അവസരങ്ങള്‍ സൃഷ്ടിക്കും.

ഗ്രാന്‍ഡ് ട്രങ്ക് റോഡിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ റോഡുകളില്‍ ഒന്നാണ് ഗ്രാന്‍ഡ് ട്രങ്ക് റോഡ്. ഉത്തരപഥ് എന്നറിയപ്പെട്ടിരുന്ന ഗ്രാന്‍ഡ് ട്രങ്ക് റോഡ്, പുരാതന കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യാപാര പാതയായിരുന്നു. ആ ചരിത്രത്തിന്റെ പുനനിര്‍മ്മാണമാണ് ഈ ത്രിരാഷ്ട്ര ഹൈവേ.

ബിസി മൂന്നാം നൂറ്റാണ്ടില്‍ ചന്ദ്രഗുപ്ത മൗര്യ ചക്രവര്‍ത്തിയുടെ കാലത്ത് മൗര്യ സാമ്രാജ്യമാണ് ഇത് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കാലത്ത്, ഗ്രാന്‍ഡ് ട്രങ്ക് റോഡ് വ്യാപാരത്തിനും സാംസ്‌കാരിക വിനിമയത്തിനും ഒരു സുപ്രധാന കണ്ണിയായിരുന്നു. വിവിധ പ്രദേശങ്ങള്‍ക്കിടയില്‍ പട്ട്, സുഗന്ധദ്രവ്യങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ ചരക്കുകള്‍ കൊണ്ടുപോകാന്‍ വ്യാപാരികള്‍ ആശ്രയിച്ചിരുന്നത് ഈ പാതയാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും നാഗരികതകളെയും ബന്ധിപ്പിക്കുന്നതിലും ഈ റോഡ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കൊളോണിയല്‍ കാലഘട്ടത്തില്‍, ഗ്രാന്‍ഡ് ട്രങ്ക് റോഡിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍, മെച്ചപ്പെട്ട ഗതാഗതവും ഭരണനിര്‍വഹണവും സുഗമമാക്കുന്നതിന് പാലങ്ങളും വിശ്രമകേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി റോഡ് നവീകരിച്ചു. കല്‍ക്കട്ട, ഡല്‍ഹി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് അത്യന്താപേക്ഷിതമായി മാറി.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്നുപോകുന്ന റോഡ് 2,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. 1947-ലെ ഇന്ത്യാ വിഭജനത്തിനു ശേഷം ഗ്രാന്‍ഡ് ട്രങ്ക് റോഡ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ വിഭജിക്കപ്പെട്ടു. ചുരുക്കത്തില്‍ ഉത്തരപഥിന്റെ ഉത്ഭവം മുതല്‍ ഒരു വ്യാപാര പാത എന്ന നിലയില്‍, നാഗരികതകളെ ബന്ധിപ്പിക്കുന്നതിലും സാംസ്‌കാരിക വിനിമയം വളര്‍ത്തുന്നതിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വികസനം രൂപപ്പെടുത്തുന്നതിലും ഗ്രാന്‍ഡ് ട്രങ്ക് റോഡ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.