ഇംഫാല്‍: കലാപത്തിന് അറുതി വരാത്ത മണിപ്പൂരില്‍ കേന്ദ്ര മന്ത്രിയുടെ വീടും അക്രമികള്‍ കത്തിച്ചു. വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിങിന്റെ വീടാണ് കൂട്ടമായെത്തിയ കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയത്. വീട് ഏറക്കുറെ പൂര്‍ണമായും കത്തിയമര്‍ന്നു.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലില്‍ കുക്കി സമുദായ നേതാവും ബിജെപിയുടെ വനിതാ മന്ത്രിയുമായ നെംച കിപ്ഗന്റെ ഔദ്യോഗിക വസതി കഴിഞ്ഞ ദിവസം അക്രമികള്‍ കത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വീടും തീവച്ച് നശിപ്പിച്ചത്.
ആയിരത്തോളം പേരാണ് പെട്രോള്‍ ബോംബുകളും മറ്റ് ആയുധങ്ങളുമായി വീട് വളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ എത്തുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. സംഭവ സമയം മന്ത്രി വീട്ടിലില്ലായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സംസ്ഥാനത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം നടത്തി വരികയായിരുന്ന രഞ്ജന്‍ സിങ് സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരു വിഭാഗവുമായി കഴിഞ്ഞ മാസം സമാധാന ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷത്തിന് കാരണക്കാരായ നേതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഖമെന്‍ലോക് പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്.
മണിപ്പൂരില്‍ തങ്ങളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുകയാണെന്ന് കുക്കി ആദിവാസി സംഘടനകള്‍ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. മണിപ്പൂരിലെ സ്ഥിതി വിഷമകരമാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.