നെഹ്റു സ്മാരകത്തില്‍ നിന്ന് നെഹ്റുവിന്റെ പേര് വെട്ടി; അല്‍പ്പത്തരത്തിന്റെ പേരാണ് മോഡിയെന്ന് കോണ്‍ഗ്രസ്

നെഹ്റു സ്മാരകത്തില്‍ നിന്ന് നെഹ്റുവിന്റെ പേര് വെട്ടി; അല്‍പ്പത്തരത്തിന്റെ പേരാണ് മോഡിയെന്ന്  കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേരില്‍ നിന്ന് നെഹ്റുവിനെ വെട്ടി കേന്ദ്ര സര്‍ക്കാര്‍.

നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാക്കി. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി. കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍.

പേരുമാറ്റാനുള്ള നിര്‍ദേശത്തെ യോഗത്തില്‍ രാജ്നാഥ് സിങ് സ്വാഗതം ചെയ്തു. എല്ലാ പ്രധാനമന്ത്രിമാരേയും ഉള്‍ക്കൊള്ളുന്നതിലൂടെ സ്മരണകളെ ജനാധിപത്യവല്‍കരിക്കുന്നുവെന്ന് സൊസൈറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു.

ബ്രീട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയാവുകയായിരുന്നു. 1964 ല്‍ നെഹ്റു മരിക്കുന്നതുവരെ 16 വര്‍ഷത്തോളം തീന്‍മൂര്‍ത്തി ഭവനായിരുന്നു ഔദ്യോഗിക വസതിയായി അദേഹം ഉപയോഗിച്ചിരുന്നത്.

നെഹ്റുവിന്റെ 75-ാം ജന്മദിനത്തില്‍ അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണനാണ് തീന്‍മൂര്‍ത്തി ഭവന്‍ രാജ്യത്തിന് സമര്‍പ്പിച്ചതും നെഹ്റു സ്മാരക മ്യൂസിയം ഉദ്ഘാടനം ചെയ്തതും.

മ്യൂസിയത്തിന്റെ പേര് മാറ്റിയ സംഭവത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 'അല്‍പ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോഡി'യെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു. അരക്ഷിതാവസ്ഥയുടെ അമിത ഭാരം പേറിയ ഒരു ചെറിയ, ചെറിയ മനുഷ്യനാണ് ഈ സ്വയം പ്രഖ്യാപിത വിശ്വഗുരു' എന്നും ജയറാം രമേഷ് ട്വീറ്ററില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.