മസ്റ്ററിങ് പുനരാരംഭിച്ചു; പെന്‍ഷന്‍കാര്‍ക്ക് അക്ഷയയിലെത്തി രജിസ്റ്റര്‍ ചെയ്യാം

മസ്റ്ററിങ് പുനരാരംഭിച്ചു; പെന്‍ഷന്‍കാര്‍ക്ക് അക്ഷയയിലെത്തി രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളും അഞ്ചുതരം സാമൂഹിക സുരക്ഷാ പെന്‍ഷനുകളും കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ 'ജീവന്‍രേഖ' സമര്‍പ്പണത്തിന്റെ ഭാഗമായ മസ്റ്ററിങ് പുനരാരംഭിച്ചു. ഹൈക്കോടതി സ്‌റ്റേ നീക്കിയതിനെ തുടര്‍ന്നാണ് മസ്റ്ററിങ് പുനരാരംഭിച്ചത്. ഇതോടെ പെന്‍ഷന്‍കാര്‍ക്ക് അക്ഷയയിലെത്തി തങ്ങളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം.

അക്ഷയ മുഖേന നടന്നിരുന്ന മസ്റ്ററിങ് ഏപ്രിലില്‍ ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് നിര്‍ത്തിവെച്ചത്. മസ്റ്ററിങ്ങിന് അക്ഷയകേന്ദ്രങ്ങളെ ചുമതലപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടിയുണ്ടായത്. സ്റ്റേ ഇനിയും നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കോടതി വിവിധ ഘട്ടങ്ങളിലായി സ്റ്റേ ദീര്‍ഘിപ്പിച്ചതിനാല്‍ ഒരു മാസത്തിലേറെയായി മസ്റ്ററിങ് മുടങ്ങിയിട്ട്. ഇതറിയാതെ മസ്റ്ററിങ്ങിനായി ദിവസേന അക്ഷയകേന്ദ്രത്തിലെത്തിയിരുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളെ തിരിച്ചയക്കുകയായിരുന്നു. സ്വകാര്യ വ്യക്തികള്‍ക്കും അക്ഷയേതര ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്കും കൂടി മസ്റ്ററിങ് വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിന് സംവിധാനമൊരുക്കണമെന്നും ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ സ്റ്റേ തുടരണമെന്നുമായിരുന്നു പരാതിക്കാരുടെ പ്രധാന ആവശ്യം.

ഏറെ സുരക്ഷയും കൃത്യതയും ഉറപ്പാക്കേണ്ടതിനാല്‍ പൂര്‍ണ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്ഷയകേന്ദ്രങ്ങളിലൂടെ മാത്രം നടപ്പാക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.