ആലപ്പുഴ: എസ്എഫ്‌ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഒരേസമയം നിഖില്‍ രണ്ടിടങ്ങളില്‍ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. പിന്നാലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തില്‍ നിഖിലിനെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കാന്‍ തീരുമാനമായി. ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ആണ് സ്ഥിരീകരിച്ചത്.
നിലവില്‍ കായംകുളം എംഎസ്എം കോളജില്‍ രണ്ടാംവര്‍ഷ എംകോം വിദ്യാര്‍ഥിയാണ് നിഖില്‍. മൂന്ന് മാസം മുന്‍പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളജിലെ നിഖിലിന്റെ ജൂനിയറുമായ വിദ്യാര്‍ഥിനിയാണ് പരാതി ഉന്നയിച്ചത്. എംകോം പ്രവേശനത്തിനായി നിഖില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി.
2018-2020 കാലഘട്ടത്തിലാണ് നിഖില്‍ എംഎസ്എം കോളജില്‍ ബികോം പഠിച്ചത്. എന്നാല്‍ പാസായിരുന്നില്ല. ഇവിടെ പഠിക്കുന്നതിനിടെ കോളജില്‍ യുയുസിയും 2020 സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. ഡിഗ്രി പാസാകാത്ത നിഖില്‍ 2021 ല്‍ കായംകുളം എംഎസ്എം കോളജില്‍ തന്നെ എം കോമിന് ചേര്‍ന്നു. 2019- 2021 കാലത്ത് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചതിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് എം കോം പ്രവേശനത്തിനായി നിഖില്‍ ഹാജരാക്കിയത്. ഒരേസമയം എങ്ങനെ രണ്ടിടത്ത് പഠിക്കാനാകുമെന്നാണ് രേഖാമൂലം വിദ്യാര്‍ഥിനി പരാതി ഉന്നയിച്ചത്.
തുടര്‍ന്ന് എസ് എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിഖിലിനെ വിളിച്ചുവരുത്തി പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പാര്‍ട്ടി നിഖിലിനോട് നിര്‍ദേശിച്ചു. എന്നാല്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് നിഖില്‍ വാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്ന് നീക്കുകയായിരുന്നു. വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.