ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോ മലബാര്‍ സിനഡ്

ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോ മലബാര്‍ സിനഡ്

കൊച്ചി: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജില്‍ സമീപ കാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോ മലബാര്‍ സിനഡ് വിലയിരുത്തി. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഖകരമായ ആത്മഹത്യകളെ ചില തല്‍പരകക്ഷികള്‍ വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവന നിലവാരം പുലര്‍ത്തുന്നവയും കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വര്‍ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്.

അമല്‍ ജ്യോതി കോളജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ-വര്‍ഗീയ താല്‍പര്യങ്ങള്‍ പൊതു സമൂഹം തിരിച്ചറിഞ്ഞുവെന്നതും യുവജനങ്ങളുള്‍പ്പെടെ ശക്തമായ പ്രതികരണങ്ങള്‍ക്കു തയ്യാറായി എന്നതും പ്രതീക്ഷാ നിര്‍ഭരമാണ്. എന്നാല്‍ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വര്‍ഗീയവല്‍കരിക്കാനാണ് പ്രതിലോമ ശക്തികള്‍ ഇപ്പോഴും ശ്രമിക്കുന്നത്.

വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വര്‍ഗീയ കൂട്ടുകെട്ടുകളെ സിനഡ് ശക്തമായി അപലപിക്കുന്നു. കേരള സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് ജാതിമത ഭേദമന്യേ ഏവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉന്നത നിലവാരം പുലര്‍ത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ ഇന്നിന്റെ മാത്രമല്ല നാളെയുടെയും നാശമാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് പൊതു സമൂഹം തിരിച്ചറിയണം. ക്രൈസ്തവന്റെ ക്ഷമയെ ഒരു ദൗര്‍ബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വ രഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്.

ക്രൈസ്തവ സ്‌നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണ്. ഈ സത്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യ സമൂഹത്തിന്റെ ഭാവിക്ക് നല്ലതെന്ന് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് സിനഡിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.