എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇനി പത്രവായനയും വേണം; ഉത്തരവ് ഉടന്‍

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇനി പത്രവായനയും വേണം; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ പത്രവായന പതിവാക്കണം. പരീക്ഷകളില്‍ തുടര്‍ മൂല്യനിര്‍ണയത്തിന് നല്‍കുന്ന 20 ശതമാനം മാര്‍ക്കില്‍ പകുതി പത്ര-പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാനാണ് തീരുമാനം.
ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

പഠനാ അനുബന്ധ പ്രവര്‍ത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കും തുടര്‍മൂല്യ നിര്‍ണയത്തിലൂടെ സ്‌കൂള്‍തലത്തില്‍ നല്‍കുന്നുണ്ട്. ഇതില്‍ 10 മാര്‍ക്ക് പത്ര-പുസ്തക വായനയിലുള്ള താല്‍പര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണ് തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാന്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ത്താവായന മത്സരത്തിലൂടെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പത്രവായനയിലൂടെ ഗ്രേസ് മാര്‍ക്ക് നേടാനും കഴിയും. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി വാര്‍ത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക.

സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയാണ് മത്സരം. സംസ്ഥാനാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,17,14 മാര്‍ക്ക് വീതം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.