തിരുവനന്തപുരം: മണിപ്പൂരില്‍ ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നതിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് തിരുവനന്തപുരം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ യാചനാ ധര്‍ണ നടത്തി. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഇന്ന് വൈകുന്നേരം 5.30 മുതല്‍ 6.30 വരെ നടത്തിയ ധര്‍ണ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
നീതിക്ക് വേണ്ടിയുള്ള ധര്‍ണയാണെന്നും മണിപ്പൂരില്‍ ആഴച്ചകളായി നീതി നിഷേധമാണ് നടക്കുന്നതെന്നും ഫാ. മോര്‍ളി കൈതപ്പറമ്പില്‍ പറഞ്ഞു. മണിപ്പൂരിലെ പല അക്രമണങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണടയ്ക്കുകയാണ്. ഈ നിലപാട് ഏറെ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കെതിരെയും നൂറു കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത ഉന്മൂലന വാദികള്‍ക്കെതിരെയുമാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
അക്രമികള്‍ക്കും കൊലപാതകികള്‍ക്കും എതിരെ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരുകള്‍ക്ക് എതിരെയും ധര്‍ണയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. വൈദികരായ ഫാ. ജോജോ പുതുവേലില്‍, ഫാ.ബിനോദ് പുത്തന്‍പുരക്കല്‍, ഫാ. ബെന്നി തെക്കേടത്ത്, ഫാ. ജോംസി പുളിക്കപ്പറമ്പില്‍ എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.
തിരുവനന്തപുരം ഫൊറോനാ ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ വരവുകാലായില്‍, ഫൊറോനാ പ്രസിഡന്റ് എം.എ ഔസേപ്പ്, സെക്രട്ടറി വില്‍സണ്‍ വെളിയന്നൂര്‍ക്കാരന്‍, ട്രഷറാര്‍ പ്രഫ. ജോസഫ് തലപ്പള്ളി, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സെക്രട്ടറി ജേക്കബ് നിക്കോളാസ്, യൂണിറ്റ് ഫൊറോനാ ഭാരവാഹികളായ കെ.യു ജോണി, അഡ്വ. റെക്സ് ജേക്കബ്, തോമസ് ദേവപ്രസാദ്, വര്‍ക്കി മരത്തിനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26