അതീവ ദുഷ്‌കരം ഈ രക്ഷാദൗത്യം; അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരുണ്ട അടിത്തട്ടില്‍ 'ടൈറ്റനെ' കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഇവയാണ്

അതീവ ദുഷ്‌കരം ഈ രക്ഷാദൗത്യം; അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരുണ്ട അടിത്തട്ടില്‍ 'ടൈറ്റനെ' കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഇവയാണ്

വാഷിങ്ടണ്‍: ഒരു നൂറ്റാണ്ടു മുന്‍പ്‌ കടലില്‍ മുങ്ങിത്താണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ കാണാതായ മുങ്ങിക്കപ്പല്‍ വീണ്ടെടുക്കുന്നത് അതീവ ദുഷ്‌കരമായ രക്ഷാദൗത്യം. വാഷിങ്ടണിലെ ടൂറിസം കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ടൈറ്റന്‍ എന്ന സബ്മെര്‍സിബിളാണ് കടലാഴങ്ങളില്‍ കാണാതായത്. മൂന്ന് ശതകോടീശ്വരന്മാര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ജലപേടകത്തിലുള്ളത്.

കനേഡിയന്‍ കപ്പലായ പോളാര്‍ പ്രിന്‍സില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് ടൈറ്റന്‍ അന്തര്‍വാഹിനി യാത്ര തിരിച്ചത്. ഏകദേശം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ പോളാര്‍ പ്രിന്‍സിന് അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടമായി. യുഎസ്-കാനഡ കോസ്റ്റ് ഗാര്‍ഡുകള്‍ അന്തര്‍വാഹിനി കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും യുഎസ്-കാനഡ നാവികസേനകളും ആഴക്കടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങളും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ട്.



ടൈറ്റന്‍ എന്ന സബ്മെര്‍സിബിളിന് യഥാര്‍ത്ഥ സബ്മറൈനുമായി വലിയ വ്യത്യാസമുണ്ട്. സബ്മെര്‍സിബിള്‍ പ്രവര്‍ത്തിക്കാന്‍ മറ്റൊരു കപ്പലിനെ ആശ്രയിക്കുന്നു. വിന്യസിക്കാനുള്ള പ്ലാറ്റ്‌ഫോമായി ഒരു കപ്പലിന്റെ സഹായം അതിന് ആവശ്യമാണ്.

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച ഇതിന് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. അഞ്ച് പേര്‍ക്ക് 96 മണിക്കൂര്‍ ലൈഫ് സപ്പോര്‍ട്ടാണുള്ളത്. ടൈറ്റന്റെ നീളം 6.7 മീറ്ററും വീതി 2.8 മീറ്ററും ഉയരം 2.5 മീറ്ററുമാണ്.

4,000 മീറ്ററോളം (13,100 അടിയിലേറെ) ആഴത്തില്‍ അഞ്ച് ആളുകളെ കൊണ്ടുപോകാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു ക്രൂഡ് സബ്മെര്‍സിബിളാണ് ടൈറ്റന്‍ എന്ന് ഓഷ്യന്‍ഗേറ്റ് പറയുന്നു. മറ്റ് സബ്മെര്‍സിബിളുകളില്‍ നിന്ന് വ്യത്യസ്തമായി, ആഴത്തില്‍ മുങ്ങുമ്പോള്‍ മര്‍ദ്ദത്തിലെ മാറ്റങ്ങള്‍ മുങ്ങിക്കപ്പലിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശകലനം ചെയ്യാന്‍ കഴിയുന്ന ഒരു സംവിധാനം ടൈറ്റന്‍ ഉപയോഗിക്കുന്നതായി വെബ്സൈറ്റ് പറയുന്നു.

വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഏകദേശം 14,000 അടി ആഴത്തിലാണ് ടൈറ്റാനിക് സ്ഥിതിചെയ്യുന്നത്. പ്രത്യേക സബ്മെര്‍സിബിളുകള്‍ക്കുള്ളില്‍ മാത്രമേ മനുഷ്യര്‍ക്ക് ഇവിടെ എത്തിച്ചേരാനാകൂ. മുങ്ങിക്കപ്പല്‍ യാത്ര തിരിച്ച് ഒരു മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ അതിന്റെ ഗവേഷണ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടൈറ്റാനിക് സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് രണ്ടര മണിക്കൂര്‍ ദൂരമാണുള്ളത്.

കടലിലെ കാലാവസ്ഥ, വെളിച്ചക്കുറവ്, ജലത്തിന്റെ താപനില, സമ്മര്‍ദം എന്നിവയെല്ലാം സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലെ വെള്ളം വളരെ ഇരുണ്ടതും മങ്ങിയതുമാണ്. ടൈറ്റനെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 12,500 അടി താഴ്ചയിലാണ് പരിശോധിക്കേണ്ടത്, ഇത് മനുഷ്യന്‍ ഇതുവരെ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമുള്ളതാണ്.

പല അണ്ടര്‍വാട്ടര്‍ വാഹനങ്ങളിലും ഒരു ശബ്ദസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. പിംഗര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെള്ളത്തിനടിയില്‍ കണ്ടെത്താന്‍ കഴിയുന്ന ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. പിംഗള്‍ ടൈറ്റനുണ്ടോ എന്നത് വ്യക്തമല്ല.

ടൈറ്റന്റെ കമ്മ്യൂണിക്കേഷന്‍ ഉപകരണത്തിലോ അല്ലെങ്കില്‍ മുങ്ങാനും ഉപരിതലത്തിലേക്ക് തിരികെ വരാനും മുങ്ങിക്കപ്പലിനെ സഹായിക്കുന്ന ബാലസ്റ്റ് സംവിധാനത്തിലോ പ്രശ്‌നമുണ്ടാകാമെന്നു വിലയിരുത്തലുണ്ട്.

മറ്റൊരു അപകടസാധ്യത ഉപരിതലത്തിലേക്ക് മടങ്ങാന്‍ കഴിയാത്തവിധം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോകുക എന്നതാണ്. ടൈറ്റന്റെ ബാറ്ററികള്‍ പ്രവര്‍ത്തനരഹിതമാവുകയും, യാത്രക്കാരുടെ ശരീരതാപനില ചൂടാക്കി നിലനിര്‍ത്തുന്ന ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍, ഉള്ളിലുള്ള ആളുകള്‍ ഹൈപ്പോതെര്‍മിക് (ശരീര താപനില സാധാരണ പരിധിയേക്കാള്‍ താഴുന്ന അവസ്ഥ) ആകുകയും ഒടുവില്‍ അതിജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും.

ഉപരിതലത്തില്‍ വിമാനങ്ങളും കപ്പലുകളുമുപയോഗിച്ചുള്ള തിരച്ചിലും വെള്ളത്തിനടിയില്‍ സോനാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലുമാണ് നടക്കുന്നത്. ടെറ്റന്‍ ഉപരിതലത്തിലെത്തിയാലും പുറത്തിറങ്ങാന്‍ മാര്‍ഗമില്ല, 17 ബോള്‍ട്ടുകള്‍ ഉപയോഗിച്ചാണ് പൂട്ടിയിരിക്കുന്നത്. പുറമെ നിന്നുള്ള സഹായം ലഭിച്ചാല്‍ മാത്രമേ ജലപേടകത്തിന്റെ വാതില്‍ തുറക്കൂ.

യുഎസ് നാവിക സേനയ്ക്ക് 2000 അടി താഴ്ചയില്‍ എത്താനാകുന്ന ഒരു അന്തര്‍വാഹിനി റെസ്‌ക്യൂ വാഹനമുണ്ട്. കടലിന്റെ അടിത്തട്ടില്‍ നിന്ന് വസ്തുക്കളെ വീണ്ടെടുക്കുന്നതിന്, നാവികസേന ആശ്രയിക്കുന്നത് റിമോട്ട്-ഓപ്പറേറ്റഡ് വാഹനങ്ങളെയാണ്. പൈപ്പുകളും കേബിളുകളും സ്ഥാപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഡീപ് എനര്‍ജി എന്ന കപ്പലും തിരച്ചില്‍ പ്രദേശത്തുണ്ട്. ഇതില്‍ പതിനായിരം അടിയോളം മുങ്ങാന്‍ കഴിയുന്ന വാഹനങ്ങളും ഉണ്ട്. സോണാര്‍ ബോയുകള്‍, വിദൂരമായി പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍, അന്തര്‍വാഹിനികള്‍ എന്നിവയും രംഗത്തുണ്ട്.

കാണാതായ ടൈറ്റനിലെ യാത്രക്കാര്‍: ഹാമിഷ് ഹാര്‍ഡിങ്ങ്, സ്റ്റോക്റ്റണ്‍ റഷ്, സുലൈമാന്‍, പിതാവ് ഷഹ്‌സാദ ദാവൂദ്, പോള്‍ ഹെന്റി നര്‍ജിയോലെറ്റ്

കാണാതായ പ്രമുഖര്‍

കാണാതായ അന്തര്‍ വാഹിനിയില്‍ അഞ്ച് പേരാണുള്ളത്. പാകിസ്താന്‍ വ്യവസായിയും മകനും ബ്രിട്ടീഷ് വ്യവസായിയും അന്തര്‍ വാഹിനി കമ്പനിയുടെ സി.ഇ.ഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്.

ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിങ്ങും പാകിസ്താന്‍ വ്യവസായി ഷഹ്‌സാദ ദാവൂദും മകന്‍ സുലൈമാനും അന്തര്‍വാഹിനിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പര്യവേഷകനായ പോള്‍ ഹെന്റി നര്‍ജിയോലെറ്റും കപ്പലില്‍ ഉണ്ട്. ഓഷ്യന്‍ ഗെയ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റോക്റ്റണ്‍ റഷ് ആണ് സംഘത്തിലെ മറ്റൊരാള്‍.

ബഹിരാകാശത്തേക്ക് പറന്ന് മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ പ്രശസ്ത പര്യവേഷകനാണ് എയര്‍ക്രാഫ്റ്റ് സ്ഥാപനമായ ആക്ഷന്‍ ഏവിയേഷന്റെ ചെയര്‍മാനായ ഹാമിഷ് ഹാര്‍ഡിങ്ങ്. 58 കാരനായ ഹാര്‍ഡിങ്ങിനെ സംബന്ധിച്ചിടത്തോളം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കുള്ള യാത്ര സാഹസികതകളുടെ പുതിയ ഏടായിരുന്നു. മൂന്ന് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഹാര്‍ഡിങ് രണ്ട് തവണ ദക്ഷിണധ്രുത്തിലെത്തി. 2022ല്‍ ബഹിരാകാശത്തേക്ക് പറന്നു.

കഴിഞ്ഞ ദിവസം ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സില്‍ നിന്ന് പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് പര്യവേഷണ സംഘത്തില്‍ താനുണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. കാണാതായ അന്തര്‍വാഹിനിയില്‍ മകന്‍ ഉണ്ടെന്ന് ഹാമിഷ് ഹാര്‍ഡിങ്ങിന്റെ പിതാവ് ബയാന്‍ സാസ് അപകടശേഷം ഫേസ്ബുക്കില്‍ കുറിച്ചു. ഷഹ്‌സാദ ദാവൂദും മകന്‍ സുലൈമാനും അറ്റ്‌ലാന്റിക് സമുദ്രത്തിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയില്‍ കാണാതായതായി കുടുംബമാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

പാകിസ്താനിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നില്‍ നിന്നുള്ള ഷഹ്സാദ ദാവൂദ് കാലിഫോര്‍ണിയയിലെ ഗവേഷണ സ്ഥാപനമായ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയാണ്. ഭാര്യ ക്രിസ്റ്റീനോടും മക്കളായ സുലെമാനും അലീനയ്ക്കുമൊപ്പം അദ്ദേഹം ബ്രിട്ടനില്‍ താമസിച്ചുവരുകയായിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദാവൂദ് ഗ്രൂപ്പിന്റെ ഭാഗമായ ദാവൂദ് ഹെര്‍ക്കുലീസ് കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.