വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലാണെങ്കിലും ലോക യുവജന ദിനത്തോടനുബന്ധിച്ച് ലിസ്ബണിലേക്കുള്ള തന്റെ യാത്രക്ക് മാറ്റമില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇനി ഏകദേശം 40 ഓളം ദിവസം ലിസ്ബൺ യാത്രക്കായി ഉണ്ട്. അസുഖം കാരണം എനിക്ക് പോകാൻ കഴിയില്ലെന്ന് ചിലർ കരുതുന്നു. പക്ഷേ ഡോക്ടർ എന്റെ യാത്രക്ക് സമ്മതം അറിയിച്ചിട്ടുണ്ട്. അതിനാൽ ഞാൻ നിങ്ങളൊടൊപ്പം ഉണ്ടാകുമെന്ന് 2023 ലെ ലോക യുവജന ദിനത്തിന്റെ കോർഡിനേറ്ററായ ബിഷപ്പ് അമേരിക്കോ അഗ്വിയർക്കയച്ച വീഡിയോ സന്ദേശത്തിലൂടെ പാപ്പ പറഞ്ഞു.
40 ദിവസങ്ങൾക്ക് നോമ്പുകാലത്തിന്റെ അതേ ദൈർഘ്യമാണുള്ളത്. ജീവിതത്തിന്റെയും കണ്ടുമുട്ടലിന്റെയും സന്തോഷം നഷ്‌ടപ്പെടുത്തുന്നവരുടെ വാക്കുകൾ ശ്രവിക്കരുത്. പകരം അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപ്പാപ്പ യുവാക്കൾക്ക് നിർദേശം നൽകി. ധൈര്യമായി മുന്നോട്ട് പോകുക, നമുക്ക് ലിസ്ബണിൽ കാണാമെന്നും പാപ്പ പറഞ്ഞു.
പോർച്ചുഗലിലെ സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ച ഫ്രാൻസിസ് മാർപ്പാപ്പ ഓഗസ്റ്റ് 2 മുതൽ 6 വരെ ലിസ്ബണിൽ സന്ദർശനം നടത്തും. ഓഗസ്റ്റ് അഞ്ചിന് ഫാത്തിമ മാതാ ദേവാലയത്തിൽ മാർപാപ്പ പ്രാർത്ഥനക്കാനെത്തുമെന്നും വത്തിക്കാൻ പ്രസ് ഓഫിസ് അറിയിച്ചു.
എല്ലാ വർഷവും ദശ ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന മരിയൻ തീർഥാടന കേന്ദ്രമായ ഫാത്തിമയിൽ മാർപ്പാപ്പയായ ശേഷം നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. 2017 മെയ് 12-13 തീയതികളിൽ പരിശുദ്ധ കന്യകാ മറിയം കോവഡ ഇരിയയിൽ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മാർപാപ്പ ദേവാലയം സന്ദർശിച്ചിരുന്നു. ആ സന്ദർഭത്തിൽ, ലോകത്തെ വിഷമിപ്പിക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കാൻ മാർപ്പാപ്പ അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
38-ാമത് ലോക യുവജനദിനം 2022 ൽ പോർച്ചുഗീസ് തലസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് 19 ലോക മഹാമാരി മൂലം ഉണ്ടായ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവച്ചു. ആ സമ്മേളനമാണ് ഈ വർഷം ഓഗസ്റ്റിൽ നടത്തപ്പെടുന്നത്. വിശുദ്ധ ലൂക്ക എഴുതിയ സുവിശേഷത്തിലെ ഒന്നാം അധ്യായത്തിലെ എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു എന്ന ഭാഗത്തിലെ, 'മറിയം തിടുക്കത്തിൽ എഴുന്നേറ്റ് പോയി' എന്ന വാക്യമാണ് ഈ വർഷത്തെ യുവജന ദിന മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.